മമ്മൂട്ടിയുടെ പത്മ ഭൂഷണ്‍ നേട്ടം ആഘോഷമാക്കി ധനുഷും കൂട്ടരും

പത്മ ഭൂഷണ്‍ നേടിയ മമ്മൂട്ടിക്ക് ആദരവായിട്ട് ക്യാരക്റ്റര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു.
ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയും ഉണ്ടെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷിച്ചിരുന്നു. ചിത്രത്തില്‍ വളരെ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തിനാകും അദ്ദേഹം ജീവന്‍ നല്‍കുക. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ്, ആര്‍ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. ഓം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. കണ്ണുകള്‍ മാത്രം വ്യക്തമാകുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. പത്മ ഭൂഷണ്‍ നേടിയ മമ്മൂട്ടിക്ക് ആദരവായിട്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ മമ്മൂട്ടിയെ ഓം സിനിമയുടെ സെറ്റില്‍ വെച്ച് ആദരിക്കുകയും ചെയ്തിരിക്കുകാണ്. കേക്കു മുറിച്ചായിരുന്നു മമ്മൂട്ടിയുടെ നേട്ടത്തില്‍ സിനിമാ പ്രവര്‍ത്തകരുടെ ആഘോഷം.

എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയികുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018 ല്‍ റാം ഒരുക്കിയ ‘പേരന്പ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക – നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു. തമിഴില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും തമിഴില്‍ എത്തുമ്പോള്‍ ആരാധകരുടെ ആവേശം വളരെ വലുതാണ്. തന്റെ കരിയറില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും.

ധനുഷ്, മമ്മൂട്ടി എന്നിവര്‍ കൂടാതെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവന്‍ നല്‍കും. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013 ല്‍ മലയാളത്തില്‍ പുറത്തു വന്ന മമ്മൂട്ടി- ദിലീപ് ചിത്രം ‘കമ്മത്ത് ആന്‍ഡ് കമ്മത്ത്’ ല്‍ ധനുഷ് അതിഥി വേഷത്തില്‍ എത്തിയിരുന്നു. തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സേഷന്‍ സായ് അഭയങ്കര്‍ ആണ് D55നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍

Scroll to Top