ലഹരി യുവതയെ വേട്ടയാടുന്ന വിപത്ത്; ചെറുക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം’: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വേട്ടയാടുന്ന വിപത്താണ് ലഹരിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. നാശാ മുക്ത് ഭാരത് അഭിയാന്റെ (NMBA) ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പും ജില്ലാ പൊലീസും സംയുക്തമായി സംഘടിപ്പിച്ച ‘ഐ ആം എ തൂഫാന്‍ വാരിയര്‍’ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള പോരാട്ടം പൊലീസിന്റെയോ എക്സൈസിന്റെയോ മാത്രം ചുമതലയല്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇതിന്റെ ഭാഗമാകണമെന്നും എം.പി ഓര്‍മ്മിപ്പിച്ചു. ആഭ്യന്തരവകുപ്പിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ വഴി 10 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാനും മൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചതായും എം.പി പറഞ്ഞു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചൈന ഒപ്പിയം വാറിലൂടെ ലഹരി മാഫിയയ്ക്ക് മറുപടി നല്‍കിയതുപോലെ, ‘തൂഫാനി’ലൂടെ നമുക്കും ഈ വിപത്തിനെ തുടച്ചുനീക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മയക്കുമരുന്ന് വേട്ടയ്ക്ക് തുടക്കം കുറിച്ച ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും ലഹരിവിരുദ്ധ ദൗത്യങ്ങള്‍ വിജയകരമാക്കാന്‍ വിദ്യാര്‍ത്ഥികളാണ് മുന്നില്‍ നില്‍ക്കേണ്ടതെന്നും ചടങ്ങില്‍ സംസാരിച്ച കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. ലഹരി മാഫിയയുടെ തായ്വേര് പിഴുതെറിയാന്‍ ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വ്യക്തമാക്കി.

ജനപ്രതിനിധികളുടെ സന്ദേശത്തിന് ശേഷം നടന്ന ‘സൈലന്റ് സെഷനില്‍’ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എം. തുഷാര, ലഹരി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ നേര്‍ച്ചിത്രം കുട്ടികളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കും വിധം അവതരിപ്പിച്ചു. തുടര്‍ന്ന് എ.എസ്.പി അച്യുത് അശോക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന ദീപശിഖാ പ്രയാണത്തില്‍, ജില്ലാ പൊലീസ് മേധാവി ആര്‍.നിധിന്‍ രാജ് കൊളുത്തി നല്‍കിയ തൂഫാന്‍ ദീപശിഖ അത്‌ലറ്റുകള്‍ ഏറ്റുവാങ്ങി സ്റ്റേഡിയം വലംവെച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദീപശിഖ ഏറ്റുവാങ്ങി മൈതാന മധ്യത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന ‘റിയാലിറ്റി സെക്ഷന്‍’ ശ്രദ്ധേയമായി. ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ ഗ്രൗണ്ടില്‍ അണിനിരന്ന കുട്ടികളോട് ലഹരിക്ക് മുന്‍പില്‍ സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന് വിദ്യാര്‍ത്ഥികള്‍ ഉറക്കെ മറുപടി നല്‍കി. ജീവിതവും പുസ്തകങ്ങളും ഫുട്ബോളുമാണ് തങ്ങളുടെ യഥാര്‍ത്ഥ ലഹരിയെന്ന് കുട്ടികള്‍ ഒരേസ്വരത്തില്‍ പ്രഖ്യാപിച്ചു.

വിസ്മയമായി ഹ്യൂമന്‍ ഫോര്‍മേഷന്‍

വിവിധ സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിലുള്ള തൂഫാന്‍ പ്രവേശനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. മൈതാനത്ത് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് തീര്‍ത്ത ‘NMBA തൂഫാന്‍ ഐ ഹേറ്റ് ഡ്രഗ്സ്’ എന്ന ഹ്യൂമന്‍ ഫോര്‍മേഷന്റെ ആകാശ ദൃശ്യം ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞത് വേറിട്ട കാഴ്ചയായി. ഇതിന്റെ ഇരുവശങ്ങളിലുമായി ലഹരിയെ പ്രതിരോധിക്കുന്ന മനുഷ്യരൂപങ്ങളും കുട്ടികള്‍ സൃഷ്ടിച്ചു. തങ്ങള്‍ ഓരോരുത്തരും ‘തൂഫാന്‍ വാരിയേഴ്സ്’ ആണെന്ന് പ്രഖ്യാപിച്ചാണ് കുട്ടികള്‍ മടങ്ങിയത്. തുടര്‍ന്ന്
ആദരിക്കലും കലാപരിപാടികളും അരങ്ങേറി.

യോഗ അഭ്യാസത്തില്‍ ഏഷ്യാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് നേടിയ വിദ്യാര്‍ത്ഥിനി അഭിജ്ഞയെ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ചേര്‍ന്ന് അനുമോദിച്ചു. അഭിജ്ഞയുടെ യോഗ അഭ്യാസമുറകളും വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുത്ത ലഹരിവിരുദ്ധ നൃത്തസംഗീത ശില്‍പ്പവും അരങ്ങേറി. ഗ്രൗണ്ടില്‍ അക്ഷരങ്ങള്‍ രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിസ്റ്റുകളായ വരദ നാരായണന്‍, വിജയകുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും പങ്കെടുത്ത സ്‌കൂളുകള്‍ക്ക് മൊമെന്റോകള്‍ വിതരണം ചെയ്യുകയും ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് സി.എം ദേവദാസന്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ഷൈല, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി.രാജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

Scroll to Top