ജനാധിപത്യത്തെ കശാപ്പു ചെയ്തവര്‍ ജനാധിപത്യവകാശങ്ങളെ കുറിച്ച് വാചാലരാകുന്നു: ടിപി ജയചന്ദ്രന്‍

കാസര്‍കോട് : ജനാധിപത്യത്തെ കശാപ് ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതുതലമുറ നേതാക്കള്‍ ജനാധിപത്യാവകാശങ്ങളെ കുറിച്ച് വാചാലാരാകുന്നുവെന്നും തന്റെ മുന്‍ഗാമികള്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനത്തെ തള്ളിപ്പറയാന്‍ തയ്യാറാകാതെ പോക്കറ്റില്‍ ഭരണഘടനയും കൊണ്ടുനടക്കുന്ന രാഹുല്‍ ഗാന്ധി സ്വയം പരിഹാസ്യനാവുകയാണെന്നും ബിജെപി സംസ്ഥാന വക്താവ് ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന്റെ 51-ാം വാര്‍ഷികാചരണത്തിന്റ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ദിരാഗാന്ധി നടപ്പാക്കിയ 42-ാമത് ഭരണഘടനാ ഭേദഗതി പൗരനുള്ള അവകാശങ്ങളെ ഭരണകൂടത്തിന്റെ ഔദാര്യമാക്കി മാറ്റി. നിര്‍ബന്ധിത വന്ധ്യംകരണവും അതിക്രൂര മര്‍ദ്ദനവും ഉണ്ടായിട്ടും ഈ രാജ്യത്തെ ജനങ്ങള്‍ സംയമനം വെടിഞ്ഞില്ല. ഒരു സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ക്കും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കുമെതിരെ സമാധാനപരമായി പ്രതിഷേധിച്ചത് ഒരു പക്ഷേ ഭാരത ജനത മാത്രമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ പോരാളികളുടെ ത്യാഗവും സഹനവും എക്കാലവും നാം നന്ദിയോടെ സ്മരിക്കേണ്ടതുണ്ടെന്നും ഇതിനെക്കുറിച്ച് യുവതലമുറയെ ബോധവാന്മാരാക്കേണ്ടതുണ്ടെന്നും ജയചന്ദ്രന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ അദ്ധ്യക്ഷ എംഎല്‍ അശ്വിനി അദ്ധ്യക്ഷത വഹിച്ചു.

അറുപതോളം അടിയന്തരാവസ്ഥ പോരാളികളെ സമ്മേളനത്തില്‍ ആദരിച്ചു.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത ടീച്ചര്‍, രാമപ്പ മഞ്ചേശ്വരം, എ. വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എം. ഭാസ്‌കരന്‍, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈബു എന്നിവര്‍ സംസാരിച്ചു.

Scroll to Top