പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഈ മാസം അവസാനം കേരളത്തില്‍ എത്തും. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കോര്‍ഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തില്‍ എത്തുന്നത്.
അന്‍വര്‍ എംഎല്‍എ തൃണമൂലിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ എംഎല്‍എ ആയ പി വി അന്‍വര്‍ നിയമ തടസ്സമുള്ളതുകൊണ്ട് TMC അംഗത്വം എടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അന്‍വര്‍ അറിയിച്ചു. യുഡിഎഫിലേക്ക് പോകുമെന്ന തരത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടയാണ് കളം മാറ്റം. ഒന്നരമാസമായി തൃണമൂല്‍ കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയ്ക്കാന്‍ ഇന്ന് വിജയം കണ്ടത്.
തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജി പി വി അന്‍വറിനെ ഷാളണിയിച്ചു സ്വീകരിച്ചിരുന്നു. തൃണമൂല്‍ ദേശീയ കമ്മിറ്റിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മമതയുമായി പി വി അന്‍വര്‍ നാളെ കൂടിക്കാഴ്ച നടത്തിയേക്കും. കൊല്‍ക്കത്തയിലെ തൃണമൂല്‍ ആസ്ഥാനത്തെത്തിയായിരിക്കും കൂടിക്കാഴ്ച. ഇതിനുശേഷം രാവിലെ 10 ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
മലയോര മേഖലയുടെ പ്രശ്‌നം പാര്‍ലമെന്റില്‍ ഏറ്റെടുക്കുമെന്ന് മമതാ ബാനര്‍ജി ഉറപ്പു നല്‍കിയതായി പി വി അന്‍വര്‍ ട്വന്റി ഫോറിനോട് പറഞ്ഞു. വന നിയമ ഭേദഗതിക്കെതിരെ ഒന്നിച്ചു നില്‍ക്കണം എന്നാണ് താന്‍ യുഡിഎഫ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതെന്നും പിണറായിസത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും അന്‍വര്‍ പ്രതികരിച്ചു.