തൃക്കരിപ്പൂര്‍:
ലഹരിയുടെ ഇരുണ്ട ലോകത്തിനെതിരെ സമൂഹം ഒന്നിച്ചുചേരേണ്ടതിന്റെ ആവശ്യകത വിളിച്ചോതി, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനവുമായി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല. കേരളത്തെ ലഹരിമുക്തമാക്കാനുള്ള ദൗത്യവുമായി മുന്നേറുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് അഭിനന്ദനമറിയിച്ച് വായനശാലയിലെ അമ്മമാരും ബാലവേദി അംഗങ്ങളും ആഭ്യന്തര വകുപ്പിന് പോസ്റ്റ്കാര്‍ഡുകളിലൂടെ സ്‌നേഹസന്ദേശങ്ങള്‍ അയച്ചു.
ലഹരിക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് സാമൂഹിക ബോധവല്‍ക്കരണത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്ന കേരള പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് കുട്ടികള്‍ കത്തില്‍ രേഖപ്പെടുത്തി. മയക്കുമരുന്ന് മാഫിയകള്‍ക്ക് ഭയത്തിന്റെ നിഴല്‍ വീഴ്ത്തി, യുവതലമുറയുടെ ഭാവിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കുഞ്ഞുമനസ്സുകളുടെ ഈ ഹൃദയസ്പര്‍ശിയായ ഐക്യദാര്‍ഢ്യപ്രകടനം ചടങ്ങിന് പ്രത്യേക മിഴിവേകി. ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാന്‍ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
അമരീഷ് കൃഷ്ണ കെ., ഇഷാന്‍ മുകേഷ്, ആദിത്യന്‍ പി.പി., അമൃതേഷ് എന്‍.കെ., അന്‍വിത്ത് പി., ഇഷാന്‍ അന്‍വിദ്, സനൂജ ഇ., ദക്ഷിന്‍ കെ.പി., തന്‍വിന്‍ ജിജിന്‍, രാഹുല്‍, സ്‌നേഹ രാജീവ്, നമൃത പി.കെ., ധനിക് ബാല, നന്ദന പി.കെ., കതങ്കപ്പന്‍ പി. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
‘ലഹരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്റെ ജാഗ്രതയും കുഞ്ഞുകൈകളുടെ പിന്തുണയും കൂടിച്ചേരുമ്പോഴാണ് നാളെയുടെ കേരളം കൂടുതല്‍ സുരക്ഷിതമാകുന്നത്’ എന്ന സന്ദേശമാണ് പരിപാടി ഉയര്‍ത്തിക്കാട്ടിയത്.
ലഹരിക്കെതിരെ കുഞ്ഞുകൈകളുടെ ഐക്യദാര്‍ഢ്യം; ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് അഭിനന്ദനവുമായി ചൂരിക്കാടന്‍ വായനശാല




