ഇസ്രയേല്‍ ആ നേതാക്കളെ വധിക്കാന്‍ നീക്കം നടത്തി, ‘ഹിറ്റ് ലിസ്റ്റ്’ ചോര്‍ത്തി തടയിട്ടത് യുഎസ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഇരു നേതാക്കള്‍ക്കും നേരെ ഇസ്രായേലിന്റെ ആക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ തന്നെ പരോക്ഷമായി ഇറാനിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങള്‍ വഴിയാണ് വാഷിംഗ്ടണ്‍ ഈ വിവരം ടെഹ്റാനെ അറിയിച്ചത്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതല്‍ ഇറാന്റെ മുതിര്‍ന്ന നേതൃത്വത്തെ ഒന്നൊന്നായി ഇല്ലാതാക്കാനായിരുന്നു ഇസ്രായേല്‍ ശ്രമം.
വാഷിങ്ടന്‍: പശ്ചിമേഷ്യയെ വീണ്ടുമൊരു വന്‍ യുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഞെട്ടിക്കുന്ന കൊലപാതക ഗൂഡാലോചനകളുടെ വിവരങ്ങള്‍ പുറത്ത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എന്നിവരെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഗൂഡാലോചയെക്കുറിച്ച് കഴിഞ്ഞ ഏപ്രിലില്‍ അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ‘ദ് ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മില്‍ അടുത്തിടെ നടത്തിയ ഫോണ്‍ സംഭാഷണം രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം മോശമായെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ ഫോണ്‍ സംഭാഷണങ്ങള്‍ക്കും എത്രയോ മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ വര്‍ഷം ആദ്യം നടന്ന യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിച്ച ഏപ്രില്‍ 8-ലെ വെടിനിര്‍ത്തലിന് പിന്നാലെയാണ് ഈ വധശ്രമ നീക്കങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരു നേതാക്കള്‍ക്കും നേരെ ഇസ്രായേലിന്റെ ആക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ തന്നെ പരോക്ഷമായി ഇറാനിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങള്‍ വഴിയാണ് വാഷിംഗ്ടണ്‍ ഈ വിവരം ടെഹ്റാനെ അറിയിച്ചത്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതല്‍ ഇറാന്റെ മുതിര്‍ന്ന നേതൃത്വത്തെ ഒന്നൊന്നായി ഇല്ലാതാക്കാനായിരുന്നു ഇസ്രായേല്‍ ശ്രമം. മുന്‍ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി, മുന്‍ വിദേശകാര്യ മന്ത്രി കമല്‍ ഖരാസി എന്നിവരെ ഇസ്രായേല്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ അരാഗ്ചിയും ഘാലിബാഫും ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇവരെ വധിച്ചാല്‍ അത് സമാധാന ശ്രമങ്ങളെ പൂര്‍ണ്ണമായി തകര്‍ക്കുമെന്നും വീണ്ടുമൊരു യുദ്ധത്തിന് കാരണമാകുമെന്നും യുഎസ് ഭയപ്പെട്ടിരുന്നു.

ഇതിനിടെ, കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പാകിസ്ഥാന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇസ്രായേല്‍ ഇവരെ ഹിറ്റ് ലിസ്റ്റില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവര്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്താന്‍ മറ്റാരും ഉണ്ടാകില്ലെന്ന് പാകിസ്ഥാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇസ്രായേലിനോട് പിന്മാറാന്‍ യുഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഏപ്രില്‍ 12-ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഘാലിബാഫ് ഇസ്ലാമാബാദില്‍ നിന്ന് മടങ്ങുമ്പോള്‍ വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇറാഖ് വഴി രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും ഘാലിബാഫിന്റെ വിമാനം ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിവരം ഇറാന്‍ സുരക്ഷാ സേനയ്ക്ക് ലഭിക്കുന്നു.

എട്ടുദിവസം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍, 100 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം; ഒടുവില്‍ 43-കാരന്‍ തിരികെ ജീവിതത്തിലേക്ക്; വെനസ്വേലയിലെ ‘അത്ഭുതം’
തുടര്‍ന്ന് ഘാലിബാഫ് സഞ്ചരിച്ച വിമാനം വടക്കുകിഴക്കന്‍ ഇറാനിലെ മഷാദില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. അവിടെ നിന്നും നീണ്ട 8 മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്താണ് സ്പീക്കറും സംഘവും സുരക്ഷിതമായി ടെഹ്റാനില്‍ എത്തിയത്. 2025 ജൂണിലെ യുദ്ധത്തിലും, ഈ വര്‍ഷം ആദ്യത്തിലും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഘാലിബാഫ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും തിരശീലയ്ക്ക് പിന്നില്‍ എത്രത്തോളം കലുഷിതമായിരുന്നു സാഹചര്യങ്ങള്‍ എന്നുള്ളതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇറാന്‍ വിഷയത്തില്‍ ഇസ്രായേലും അമേരിക്കയും പുലര്‍ത്തിപ്പോന്ന സമാന താല്‍പര്യങ്ങളില്‍ ഈ ഏപ്രില്‍ മാസത്തോടെ വലിയ തകര്‍ച്ചയുണ്ടായതായി പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ഇസ്രായേലിന്റെ കടുത്ത എതിര്‍പ്പുകളെ പൂര്‍ണ്ണമായി അവഗണിച്ചാണ് അമേരിക്ക ഈ സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് പോയത്.

യുഎസും ഇറാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും വ്യത്യസ്തമായ വഴികളാണ് തിരഞ്ഞെടുത്തത്. നെതന്യാഹുവിന്റെ പരസ്യമായ തള്ളിപ്പറയലുകളെപ്പോലും തള്ളിക്കളഞ്ഞുകൊണ്ടാണ് വാഷിംഗ്ടണ്‍ ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. ഇതിനിടെ, ദക്ഷിണ ലബനനിലെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ പരസ്യമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും, സൈനിക നീക്കങ്ങളില്‍ ഇസ്രായേല്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ട്രംപ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ യുഎസ് മുന്നറിയിപ്പുകളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഇസ്രായേല്‍ ആക്രമണം ശക്തമായി തുടരുകയായിരുന്നു. ഇതിന് പിന്നാലെ, സ്വകാര്യ ഫോണ്‍ സംഭാഷണങ്ങളില്‍ നെതന്യാഹുവിനെതിരെ ട്രംപ് അതീവ രൂക്ഷമായ ഭാഷ ഉപയോഗിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Scroll to Top