കഞ്ചിക്കട്ട പാലം വിഷയത്തില്‍ എസ്ഡിപിഐയുടെ പ്രതിഷേധ ഫുട്‌ബോള്‍ ഷൂട്ടൗട്ട്

കുമ്പള: കുമ്പളയിലെ കഞ്ചിക്കട്ട പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (SDPI) കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സൂചകമായി കഞ്ചിക്കട്ട പാലത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചു.

എസ്ഡിപിഐ കുമ്പള പഞ്ചായത്ത് ട്രഷറര്‍ അന്‍വര്‍ ആരിക്കാടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കുമ്പള അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസര്‍ ബംബ്രാണ ഉദ്ഘാടനം നിര്‍വഹിച്ചു.

കഞ്ചിക്കട്ട പാലത്തിന്റെ ദുരവസ്ഥ ജനങ്ങളുടെ യാത്രാ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്നും, നിരവധി പരാതികളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ പാലം നവീകരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ നാസര്‍ ബംബ്രാണ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന നിലവിലെ സാഹചര്യം അവസാനിപ്പിക്കുന്നതിന് അടിയന്തരമായി പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധ ഫുട്‌ബോള്‍ ഷൂട്ടൗട്ടില്‍ പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരും പ്രദേശവാസികളും ആവേശപൂര്‍വം പങ്കെടുത്തു. പരിപാടിക്ക് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് സെക്രട്ടറി മൊയ്ദീന്‍ കൊടിയമ്മ നന്ദി രേഖപ്പെടുത്തി.

Scroll to Top