കുമ്പള: ഓണറേറിയം വര്‍ദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുമ്പില്‍ സമര പോരാട്ടം നടത്തിയ ആശാവര്‍ക്കര്‍മാര്‍ കൂട്ടത്തോടെ കുമ്പളയില്‍ തദ്ദേശപ്പോരിനിറങ്ങുന്നത് വേറിട്ട കാഴ്ച.
കുമ്പള ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചവരിലേറെയും ആശാവര്‍ക്കര്‍മാര്‍ തന്നെ. സ്ത്രീ സംവരണ വാര്‍ഡുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടുപിടിക്കാന്‍ ഇപ്രാവശ്യം പാടുപെടേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമാണ്. വോട്ടര്‍മാര്‍ക്കിടയില്‍ ആശാവര്‍ക്കര്‍മാരെ പരിചയപ്പെടുത്തേണ്ട ആവശ്യവും വരുന്നില്ല. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടിയായ ആശാ വര്‍ക്കര്‍മാര്‍.
കുമ്പള ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ മൊഗ്രാല്‍ കെ കെ പുറത്ത് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത് മികച്ച ആരോഗ്യ പ്രവര്‍ത്തകയും, ആശാവര്‍ക്കറുമായ ബല്‍ക്കീസ് എം ഗഫാറാണ്.ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഐ എന്‍ എല്‍ ലിലെ ആബിദാ ടീച്ചറാണ് മത്സരിക്കുന്നത്. 19 ആം വാര്‍ഡ് നടുപ്പളത്ത് ആശാവര്‍ക്കര്‍ നസീറാ-ഖാലിദാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.മികച്ച സാമൂഹിക പ്രവര്‍ത്തക വെല്‍ഫയര്‍ പാര്‍ട്ടിയിലെ സഹീറാ- അബ്ദുല്ലത്തീഫും ഇവിടെനിന്ന് ജനവിധി തേടുന്നുണ്ട്. ഫരീദ കെ യാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.
മൊഗ്രാല്‍ കൊപ്പളം പതിനാറാം വാര്‍ഡില്‍ ആശാ വര്‍ക്കര്‍ ഖൈറുന്നിസ- ഇസ്മയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ മുസ്ലിം ലീഗ് പ്രവര്‍ത്തകയും, കഴിഞ്ഞ പ്രാവശ്യത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിവുമായ റിസാനാ-നിയാസും മത്സര രംഗത്തുണ്ട്. ഇടതുമുന്നണിയില്‍ ആയിഷാ-അബ്ദുല്‍ റിയാസാണ് സ്ഥാനാര്‍ത്ഥി. ഇടതുമുന്നണിയില്‍ ആര്‍ ജെ ഡി ടിക്കറ്റിലാണ് ആയിഷാ-അബ്ദുല്‍ റിയാസ് മത്സരിക്കുന്നത്.ഇവിടെ കുടുംബശ്രീ പ്രവര്‍ത്തക ആയിഷാ- ഇബ്രാഹിമും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.




