കാസര്‍കോട് വികസന പാക്കേജുമായി ബന്ധപ്പെട്ട ജില്ലാതല കമ്മിറ്റിയുടെയും ജില്ലാതല സാങ്കേതിക കമ്മിറ്റിയുടെയും യോഗം ചേര്‍ന്നു. പദ്ധതി അവലോകനം നടത്തി. ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ, ജീവിതനിലവാര മേഖലകളെ ശാക്തീകരിക്കാന്‍ കാസര്‍കോട് വികസന പാക്കേജ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മിഷന്‍ അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ വേഗത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിനടത്തി വരുന്ന ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പി.എസ്.സി പരിശീലന പരിപാടി ‘മുന്നോട്ട്’ കൂടുതല്‍ കാര്യക്ഷമമാക്കും. നിലവില്‍ മഞ്ചേശ്വരം താലൂക്കില്‍ പരിശീലനത്തിന് ആളുകള്‍ കുറവായതിനാല്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ പരിശീലനത്തിന്റെ ഭാഗമാക്കാന്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. മറ്റ് താലൂക്കുകളില്‍ മുന്നോട്ട് പദ്ധതി മികച്ച തരത്തില്‍ നടന്നു വരുന്നുണ്ട്.
കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്,കല്ലട്ര മാഹിന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.നീലകണ്ഠന്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.




