മൂന്ന് പേരും അടിച്ചത് 7 ഗോള്‍ വീതം; എന്നിട്ടും ഗോള്‍ഡന്‍ ബൂട്ട് പോരില്‍ ഹാലന്‍ഡ് എംബാപ്പെക്കും മെസിക്കും പിന്നിലാവാന്‍ കാരണം

ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂര്‍ണമെന്റിന്റെ അവസാനം രണ്ടോ അതിലധികമോ കളിക്കാര്‍ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാല്‍, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്‍ഗം അസിസ്റ്റുകളുടെ എണ്ണമാണ്.
മെക്‌സിക്കോ സിറ്റി: ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന ബൂട്ട് പോരാട്ടവും. ഏഴ് ഗോള്‍ വിതമടിച്ച ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയും അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിയും നോര്‍വെ സൂപ്പര്‍ താരം ഏര്‍ലിംഗ് ഹാലന്‍ഡും നിലവില്‍ ഒന്നാം സ്ഥാനത്താണ്. ആറ് ഗോളടിച്ച് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ തൊട്ടുപിന്നിലായി നാലാം സ്ഥാനത്തുണ്ട്. മെക്‌സിക്കോയ്‌ക്കെതിരായ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റി വലയിലെത്തിച്ചാണ് കെയ്ന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ടോപ് ഫോറിലെത്തിയത്.

അടിച്ചത് 7 ഗോള്‍ വീതം, എന്നിട്ടും എന്തുകൊണ്ട് ഹാലന്‍ഡ് മൂന്നാമത്
മൂവരും 7 ഗോളുകള്‍ നേടിയിട്ടും എംബാപ്പെയും മെസിയും എങ്ങനെ ഹാലന്‍ഡിന് മുന്നിലെത്തി എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂര്‍ണമെന്റിന്റെ അവസാനം രണ്ടോ അതിലധികമോ കളിക്കാര്‍ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാല്‍, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്‍ഗം അസിസ്റ്റുകളുടെ എണ്ണമാണ്. അതായത് സഹതാരങ്ങള്‍ക്ക് ഗോള്‍ അടിക്കാന്‍ എത്ര തവണ കൃത്യമായി പന്ത് കൈമാറി എന്നത് ഇവിടെ നിര്‍ണായകമാകും. നിലവിലെ കണക്കുകള്‍ അനുസരിച്ച് എംബാപ്പെ 7 ഗോളുകള്‍ അടിച്ചതിനൊപ്പം 2 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് മെസിയെയും ഹാലന്‍ഡിനെയും മറികടന്ന് എംബാപ്പെ ഒന്നാമനായത്. സെനഗല്‍, ഇറാഖ്, സ്വീഡന്‍ എന്നിവര്‍ക്കെതിരെ ഇരട്ട ഗോളുകള്‍ നേടിയ എംബാപ്പെ, പ്രീ-ക്വാര്‍ട്ടറില്‍ പരാഗ്വേയ്‌ക്കെതിരെ ഫ്രാന്‍സിന്റെ വിജയഗോളും (1-0) സ്വന്തമാക്കി. 482 മിനിറ്റുകളാണ് എംബാപ്പെ ഗ്രൗണ്ടിലുണ്ടായിരുന്നത്.

മെസി എങ്ങനെ രണ്ടാമനായി
ഏര്‍ലിംഗ് ഹാലന്‍ഡും ലിയോണല്‍ മെസിയും അടിച്ചത് 7 ഗോള്‍ വീതമാണ്. ഇരുവര്‍ക്കും അസിസ്റ്റുകളില്ല. ഈ സാഹചര്യത്തിലും മെസി എങ്ങനെ രണ്ടാമനായി എന്നതാണ് അരാധകരുടെ അടുത്ത സംശയം. അടിച്ച ഗോളുകളുടെ എണ്ണവും അസിസ്റ്റുകളുടെ എണ്ണവും ഒരുപോലെയാണെങ്കില്‍ ഫിഫ അടുത്തതായി പരിഗണിക്കുക ഗ്രൗണ്ടില്‍ ചിലവഴിച്ച ആകെ മിനിറ്റുകളാണ്. ഏറ്റവും കുറഞ്ഞ സമയം കളിച്ച് കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരന് (കൂടുതല്‍ സ്‌കോറിങ് കാര്യക്ഷമതയുള്ളയാള്‍ക്ക്) മുന്‍ഗണന ലഭിക്കും. ഹാലന്‍ഡിനെ അപേക്ഷിച്ച് ലിയോണല്‍ മെസി കുറഞ്ഞ മിനിറ്റുകളാണ് കളിച്ചിരിക്കുന്നത്.

നോര്‍വെയുടെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ കളിക്കാതിരുന്നിട്ടും ഹാലന്‍ഡ് 416 മിനിറ്റുകളാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്. അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം നടക്കാനിരിക്കുന്നതേയുള്ളൂവെന്നതിനാല്‍ മെസി 361 മിനിറ്റുകള്‍ മാത്രമാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്. ഇതാണ് ഹാലന്‍ഡിനെ മറികടന്ന് മെസി മുന്നിലെത്താന്‍ കാരണം. ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് മെസി ഇറങ്ങിയത്. അള്‍ജീരിയക്കെതിരെ ഹാട്രിക്കോടെ തുടങ്ങിയ മെസി, ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളും ജോര്‍ദാന്‍, കേപ് വെര്‍ദെ എന്നിവര്‍ക്കെതിരെ ഓരോ ഗോള്‍ വീതവും നേടി.

ഇറാഖ്, സെനഗല്‍ എന്നിവര്‍ക്കെതിരെ ഇരട്ട ഗോളുകള്‍ നേടിയ ഹാലന്‍ഡാകട്ടെ ഐവറി കോസ്റ്റിനെതിരെ ഒരു ഗോളും, പ്രീ-ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ ഇരട്ട ഗോളും നേടി. ആറ് ഗോളുകളുമായി നാലാം സ്ഥാനത്തുള്ള ഹാരി കെയ്‌നിന് ഒരു അസിസ്റ്റുമുണ്ട്. ക്രോയേഷ്യക്കെതിരെ ഇരട്ട ഗോളോടെ തുടങ്ങിയ കെയ്ന്‍, പനാമ, ഡി.ആര്‍ കോംഗോ എന്നിവര്‍ക്കെതിരെയും സ്‌കോര്‍ ചെയ്തു. മെക്‌സിക്കോയ്‌ക്കെതിരായ പ്രീ-ക്വാര്‍ട്ടറിലെ ഗോളാണ് കെയ്‌നെ പോരാട്ടത്തില്‍ സജീവമാക്കി നിര്‍ത്തിയത്.489 മിനിറ്റുകളാണ് കെയ്ന്‍ ഗ്രൗണ്ടിലുണ്ടായത്.

Scroll to Top