നമസ്‌തേ കളക്ടറില്‍ ചെര്‍ക്കള ജി.എം.യു.പിഎസിലെ കുട്ടികള്‍

മഴ വരുമെന്ന് നേരത്തെ എങ്ങനെ അറിയാം? കളക്ടറോട് കുട്ടികള്‍..

നമസ്‌തേ കളക്ടറില്‍ ചെര്‍ക്കള ജി.എം.യു.പിഎസിലെ കുട്ടികള്‍

മഴയുള്ള ദിവസങ്ങളില്‍ കളക്ടര്‍ അവധി നല്‍കാറുണ്ടല്ലോ മഴ വരുമോ എന്ന് നേരത്തെ എങ്ങനെ അറിയാം? ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് കുട്ടികളുടെ ചോദ്യം നമസ്‌തേ കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്ത ചെര്‍ക്കള ജി എം യു പി എസിലെ കുട്ടികള്‍ക്ക് കളക്ടറോട് ചോദിക്കാന്‍ ചോദ്യങ്ങള്‍ ഏറെ. കാസര്‍കോട് ജില്ലയെ ശിശു സൗഹാര്‍ദ ജില്ലയാക്കാന്‍ എന്തൊക്കെ ചെയ്യുമെന്ന കുട്ടികളുടെ ചോദ്യത്തിന് അംഗനവാടികള്‍ മെച്ചപ്പെടുത്തുന്നതിലും സ്‌കൂളിന്റെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിനും ജില്ലാ ഭരണകൂടം ഏറെ ശ്രദ്ധ നല്‍കുന്നുണ്ടെന്ന് കളക്ടര്‍ മറുപടി നല്‍കി. കളിക്കാന്‍ മൈതാനം ഇല്ലെന്ന് പറഞ്ഞ കുട്ടികളോട് സ്‌കൂളിന്റെ സമീപത്തായി പുറമ്പോക്ക് ഭൂമിയുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജോലിയും കുടുംബവും എങ്ങനെ ഒരുമിച്ചു കൊണ്ടു പോകുന്നു,ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം, സ്‌കൂളില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഏതായിരുന്നു തുടങ്ങി ഒരുപിടി ചോദ്യങ്ങളാണ് കുട്ടികള്‍ കളക്ടറോട് ചോദിച്ചത്

ഈ ജില്ല ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇതുവരെ എട്ട് ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും കാസര്‍കോട് സാംസ്‌കാരികമായും ഭാഷാപരമായും ഏറെ വ്യത്യസ്തതയുള്ള ജില്ലയാണെന്ന് കളക്ടര്‍ പറഞ്ഞു. ജോലിയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്ന കുട്ടികളുടെ ചോദ്യത്തിന് ഓരോ കാലത്തും വെല്ലുവിളികള്‍ വ്യത്യസ്തമാണെന്നും എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ ഇരുന്നാല്‍ എല്ലാം പരിഹരിച്ചു പോകാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. സ്‌ക്കൂളിന് പുതിയ കെട്ടിടം വേണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു പരിശോധിക്കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി.
ഞങ്ങളുടെ സ്‌കൂളില്‍ കളക്ടര്‍ സാര്‍ തീര്‍ച്ചയായും വരണമെന്ന് ക്ഷണിച്ചതിനുശേഷമാണ് കുട്ടികള്‍ പിരിഞ്ഞു പോയത്. വരാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതോടെ കുട്ടികള്‍ ഹാപ്പിയായി.

ഓരോ ദിവസവും പുതിയതെന്തെങ്കിലും പഠിച്ചെടുക്കണമെന്നും ലഹരി ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും മറ്റുള്ളവരെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു. പരിപാടിയില്‍ വിദ്യാര്‍ത്ഥികളായ ആദിനാഥ് വരച്ച കളക്ടറുടെ ചിത്രവും ഷൈസാന്‍ നിര്‍മ്മിച്ച പെന്‍ ബോക്‌സും കളക്ടര്‍ക്കു സമ്മാനിച്ചു.പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയ കളക്ടര്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .ചെര്‍ക്കള ജി എം യു പി എസിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 29 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് നമസ്‌തേ കളക്ടറില്‍ പങ്കെടുത്തത്.

വിദ്യാര്‍ത്ഥികളും ജില്ലാ സംവിധാനവും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയാണ് ‘നമസ്‌തേ കളക്ടര്‍’. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

Scroll to Top