ബന്തിയോട്ടെ ഇടുങ്ങിയ ദേശീയപാത സര്‍വീസ് റോഡ് അപകട ഭീഷണി ഉയര്‍ത്തുന്നു.

ബന്തിയോട്(ഉപ്പള). തലപ്പാടി-ചെങ്കള റീച്ച് ദേശീയപാതയില്‍ വാഹനപകടങ്ങള്‍ വര്‍ദ്ധിക്കുകയും, മരണപാതയായി മാറുകയും ചെയ്യുമ്പോള്‍ ഉപ്പള ബന്തിയോഡിന് സമീപം ഇടുങ്ങിയ സര്‍വീസ് റോഡ് ഗതാഗത തടസ്സത്തിനും, അപകട ഭീഷണിയും ഉയര്‍ത്തുന്നതായി പരാതി.

ബന്തിയോടിന് സമീപമുള്ള സര്‍വീസ് റോഡാണ് വേണ്ടത്ര സൗകര്യമൊരുക്കാതെയും,സ്ഥലം ഏറ്റെടുക്കാതെയും നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് വരിയായിട്ടുള്ള സര്‍വീസ് റോഡ് ഇവിടെ എത്തുമ്പോള്‍ ഒരു വരി പാതയായി മാറുന്ന സാഹചര്യമാണ് ഉള്ളത്.ഇത് വാഹനാപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിന് കാരണമാവുന്നുണ്ട്.

സര്‍വീസ് റോഡിന്റെ ഇടതുഭാഗത്ത് റെയില്‍വേ ട്രാക്ക് ഉള്ളതാണ് സര്‍വീസ് റോഡ് ചുരുക്കി നിര്‍മ്മിക്കാന്‍ കാരണമായത്. ഇതിലൂടെ ടൂവേയായി വരുന്ന വാഹനങ്ങള്‍ ഈ ഭാഗത്തെത്തിയാല്‍ ഒരു വാഹനം കടന്നു പോകുന്നത് വരെ നിര്‍ത്തിയിടേണ്ടിവരുന്നു.ബസ്സുകള്‍ക്കോ,വലിയ ലോറികള്‍ക്കോ നേര്‍ക്കുനേര്‍ ടൂ വേയായി പോകാനും കഴിയില്ല.ബസ് വരുമ്പോള്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ പോലും മാറിനില്‍ക്കേണ്ടി വരുന്നു.അല്ലെങ്കില്‍ അപകടം ഉറപ്പാണ്.

സ്ഥലപരിമിതി മൂലം ഈ ഭാഗത്ത് സര്‍വീസ് റോഡിന് സമീപത്തായി നടപ്പാത പോലും നിര്‍മ്മിച്ചിട്ടില്ല.ഇത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നുമുണ്ട്. നടപ്പാതയുടെ പ്രാധാന്യം സുപ്രീംകോടതി പോലും കടുത്ത നിലപാടെടുത്തപ്പോഴാണ് നിര്‍മ്മാണ കമ്പനി അവരുടെ താല്‍പര്യത്തിന് നടപ്പാതയില്ലാതെ സര്‍വീസ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.ഈ നിര്‍മ്മാണം അശാസ്ത്രീയമെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ സൂചിപ്പിച്ചിരുന്നതുമാണ്.

വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും,സര്‍വീസ് റോഡ് വീതി കൂട്ടാനും, നടപ്പാത നിര്‍മ്മിക്കാനും നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

Scroll to Top