രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം ആര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും
ദില്ലി: എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. നാളത്തെ പരേഡില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങള്‍ പരേഡിനൊപ്പം അണിനിരക്കും. പരേഡിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കര്‍ത്തവ്യപഥില്‍ സൈനികശക്തിയുടെ കരുത്തറിയിക്കാന്‍ സജ്ജമായി കഴിഞ്ഞു ഇന്ത്യന്‍ കരസേന. ഇക്കുറി പരേഡിന് ഇന്തോന്യേഷന്‍ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
വിശദ വിവരങ്ങള്‍ ഇങ്ങനെ
റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ദില്ലിയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ചടങ്ങിലെ മുഖ്യാതിഥി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ദില്ലിയില്‍ എത്തി. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം ആര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 10.30 ന് രാഷ്ട്രപതി കര്‍ത്തവ്യപഥില്‍ എത്തുന്നതോടെ പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതിന് പിന്നാലെ 21 ഗണ്‍ സല്യൂട്ട് ചടങ്ങ് നടക്കും. ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യന്‍ കരസേനയിലെ സൈനികരും പരേഡില്‍ പങ്കെടുക്കും. ബൂട്ടണിഞ്ഞു ചിട്ടയോടെ ചുവട് വെച്ച് രാജ്യത്തെ ആഭിവാദ്യം ചെയ്യാന്‍ ഇന്ത്യന്‍ കരസേനയുടെ പരേഡ് സംഘം കര്‍ത്തവ്യപഥില്‍ എത്താന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒപ്പം കരസേനയുടെ സംഗീത വിസ്മയമൊരുക്കി ബാന്‍ഡ് സംഘംവും കുതിരപ്പട്ടാളവുമെല്ലാം റെഡിയാണ്. ഇന്ത്യന്‍ കരസേന തദ്ദേശീമായി നിര്‍മ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങള്‍ ആകാശത്ത് വര്‍ണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അര്‍ധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങള്‍ പരേഡിനൊപ്പം അണിനിരക്കും. ഒപ്പം 5000 കലാകാരന്മാരും കര്‍ത്തവ്യപഥില്‍ കലാവിരുന്നിന്റെ ഭാഗമാകും. റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.