ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനം സെന്‍സസിനുശേഷം പരിഗണിക്കും: റവന്യു മന്ത്രി
ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും എന്നാല്‍ സെന്‍സസ് നടക്കുന്ന സാഹചര്യത്തില്‍ വില്ലേജുകളുടെ വിഭജനം പ്രായോഗികമല്ലെന്നും റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞു. വില്ലേജുകള്‍ വിഭജിക്കുന്ന കാര്യം പരിഗണിക്കുമ്പോള്‍ ചെങ്കള വില്ലേജ് ഓഫീസ് തീര്‍ച്ചയായും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പുതിയ വില്ലേജ് ഓഫീസ് കെട്ടിടമെന്നാല്‍ ജീവനക്കാരുടെ സൗകര്യം മാത്രമല്ലെന്നും മികച്ച സേവനം ലഭിച്ച പൊതുജനങ്ങളുടെ സംതൃപ്തി കൂടിയാണെന്നും റവന്യൂ വകുപ്പ് മന്ത്രി പറഞ്ഞു. ചെങ്കള സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ പക്ഷം ജനപക്ഷമാണ്. ഭൂമി തരം മാറ്റം, പട്ടയം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും സുതാര്യവുമാക്കി പൊതുജനങ്ങള്‍ക്ക് മികച്ചും സേവനം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് 25000 ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ പരിഹരിക്കാന്‍ തീവ്രശ്രമം നടക്കുന്നു. 5000 പട്ടയങ്ങളും നല്‍കാന്‍ ലക്ഷ്യമിടുന്നു. ജനനം മുതല്‍ മരണം വരെയുള്ള ഒരാളുടെ ജീവിതചക്രത്തില്‍ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് നടത്തുന്ന പങ്ക് ചെറുതെല്ലെന്നും ഉദ്യോഗസ്ഥരുടെ അഭാവം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചെങ്കള വില്ലേജ് ഓഫീസ് രണ്ടായി വിഭജിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷനായ കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശിഷ്ടാതിഥിയായിരുന്നു. ഇന്‍ഫര്‍മേഷന്‍ റവല്യൂഷന്റെ കാലത്താണ് നാം ജീവിക്കുന്നതെന്നും അതിവേഗത്തില്‍ സുതാര്യമായി സേവനം ഉറപ്പാക്കാന്‍ കഴിയുന്നതാവണം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെങ്കള വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയ കരാറുകാരന്‍ മനാഫ് എടനീരിനെ മന്ത്രി എ.പി അനില്‍കുമാര്‍ ചടങ്ങില്‍ ആദരിച്ചു.
ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്.ദിനേശന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജാക്കൊട്, മുന്‍ മന്ത്രിയായിരുന്ന സി.ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് നസീഫ, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍ ചെങ്കള ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷുക്കൂര്‍ ചെര്‍ക്കള, ഇഖ്ബാല്‍ ചേരൂര്‍, ശാന്തകുമാരി, ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം ഹാരിസ് തായല്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ രമേശന്‍ പൊയിനാച്ചി, കാസര്‍കോട് തഹസില്‍ദാര്‍ ശ്രീകുമാര്‍, ഭൂരേഖ താഹസീല്‍ദാര്‍ പി.സജിത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ ഫൈസല്‍, പി.എം.എ കരീം, ജലീല്‍ എരുതുംകടവ്, ജിറ്റോ ജോസഫ്, ബിജു ഉണ്ണിത്താന്‍, ഹരീഷ് ബി നമ്പ്യാര്‍, ഉമേശ ന്‍,എന്‍ കെ പ്രഭാകരന്‍, നാഷണല്‍ അബ്ദുള്ള,സി.എച്ച് മുഹമ്മദ് ചായിന്റടി എന്നിവര്‍ സംസാരിച്ചു.
റവന്യൂ ദുരന്തനിവാരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ.ജീവന്‍ ബാബു സ്വാഗതവും എ.ഡി.എം പി.ഉദയകുമാര്‍ നന്ദിയും പറഞ്ഞു. സ്പെഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീം ഫോര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന പദ്ധതിയുടെ സഹായത്തോടെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ചെങ്കള വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ 100 ദിന കര്‍മ്മ പദ്ധതികളോടനുബന്ധിച്ചാണ് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.




