ദില്ലി: യുജിസി – നെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ. ചോദ്യപേപ്പര്‍ ചോര്‍ന്നതായി തെളിവില്ലെന്ന് സിബിഐ ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്നായിരുന്നു ആരോപണം. പിന്നാലെ അന്വേഷണം കേന്ദ്രം സിബിഐക്ക് വിടുകയായിരുന്നു.
സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഒരു വിദ്യാര്‍ത്ഥി പ്രചരിപ്പിച്ചത് ഡിജിറ്റലായി മാറ്റം വരുത്തിയ സ്‌ക്രീന്‍ഷോട്ടാണെന്ന് സിബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തി. പരീക്ഷാ ദിവസം തന്നെ ചോദ്യ പേപ്പറിന്റെ കൃത്രിമ ചിത്രം ടെലഗ്രാമില്‍ പങ്കുവെച്ച് പരീക്ഷയ്ക്ക് മുമ്പ് ചോര്‍ന്നുവെന്ന് തെറ്റായ ധാരണ സൃഷ്ടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളെയും അധികാരികളെയും തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വം തീയതിയും സമയ സ്റ്റാമ്പും മാറ്റി സ്‌ക്രീന്‍ഷോട്ട് തയ്യാറാക്കിയതാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിബിഐയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച് ഈ റിപ്പോര്‍ട്ട് സ്വീകരിക്കണോ അതോ തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കണോ എന്ന് കോടതി തീരുമാനിക്കും.
യുജിസി – നെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് സിബിഐ
23
previous post