ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്നെന്നും യുവാക്കള്‍ക്കായി നിരവധി മേഖലകള്‍ തുറന്നുകൊടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ട്രഷറി’ നിറയ്ക്കുന്നതിനുപകരം ജനങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നികുതി ഇളവ് നടപടികള്‍ മധ്യവര്‍ഗത്തിനും ശമ്പളക്കാര്‍ക്കും ഗണ്യമായി ഗുണം ചെയ്യുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും രാജ്യത്തെ ‘വിക്ഷിത് ഭാരത്’ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
”ഈ ബജറ്റ് ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്. ഈ ബജറ്റ് സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളര്‍ച്ച എന്നിവ വേഗത്തില്‍ വര്‍ദ്ധിപ്പിക്കും. ഈ ജനങ്ങളുടെ ബജറ്റിന് ധനമന്ത്രി നിര്‍മ്മല സീതാരാമനെയും അവരുടെ മുഴുവന്‍ സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു,” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവി ബാറ്ററി ഉത്പാദനത്തിനുള്ള 35 അഡീഷണല്‍ സാധനങ്ങളെയും മൊബൈല്‍ ഫോണ്‍ ബാറ്ററി ഉത്പാദനത്തിനുള്ള 28 അഡീഷണല്‍ സാധനങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ക്കും, മൊബൈല്‍ ഫോണുകള്‍ക്കും വില കുറയും. ലിഥിയം അയേണ്‍ ബാറ്ററി സ്‌ക്രാപ്പ്, എല്‍ഇഡി ഉത്പന്നങ്ങള്‍, കൊബാള്‍ട്ട് പൗഡര്‍, ഈയം, സിങ്ക് ഉത്പന്നങ്ങള്‍, കപ്പല്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, ബ്ലൂ ലെതര്‍, കരകൗശല ഉത്പന്നങ്ങള്‍, 36 ഇനം ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയ്ക്കും വില കുറയുമെന്നാണ് പ്രഖ്യാപനം.
11 വര്‍ഷത്തിനിടയിലെ നരേന്ദ്രമോദി സര്‍ക്കാറിന്റെ ഏറ്റവും മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. ‘വയനാട് പാക്കേജ് പ്രഖ്യാപിക്കാന്‍ ഇത് കേരള ബജറ്റല്ല, കേന്ദ്ര ബജറ്റാണ്. ആദായ നികുതി പരിധി 12 ലക്ഷമാക്കിയതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ പോകുന്നത് കേരളത്തിനാണെന്നും’ കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.