ചരിത്രം കുറിച്ച് വിക്രം വണ്‍: രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് വിക്രം വണ്‍. രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്പേസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് റോക്കറ്റ് നിര്‍മിച്ചത്.

‘മിഷന്‍ ആഗമന്‍’ എന്നാണ് ദൗത്യത്തിന്റെ പേര്. 24 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. പൂര്‍ണ്ണമായും കാര്‍ബണ്‍-കോമ്പോസിറ്റ് വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ലിക്വിഡ് എഞ്ചിനുകള്‍ പൂര്‍ണ്ണമായും 3D-പ്രിന്റിങ് സാങ്കേതികവിദ്യയിലാണ് നിര്‍മിച്ചത്. 21 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോട് അടുത്ത ഭ്രമണപഥത്തില്‍ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍ ആദ്യ യാത്രയില്‍ ഉപഗ്രഹങ്ങളില്ല. മറിച്ച് നാല് പേലോഡുകളാണ് ബഹിരാകാശത്ത് എത്തിക്കുന്നത്.

ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ് ഗ്രഹാ സ്‌പേസിന്റെ സോളാരസ് എസ് 3, മറ്റൊരു സ്റ്റാര്‍ട്ട് അപ്പായ കോസ്‌മോവേഴ്‌സ് സ്‌പേസിന്റെ എംബ്രേസ് തുടങ്ങിയ പേലോഡുകളാണ് റോക്കറ്റ് വഹിക്കുക. അന്തരീക്ഷത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയാണ് എമ്പ്രേസിന്റെ ലക്ഷ്യം. അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ട് കത്തിക്കുക വഴിയാണ് ഈ മാലിന്യനിര്‍മാര്‍ജ്ജനം.
സി.വി. രാമന്‍, വിക്രം സാരാഭായ്, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നിവരുടെ സൂക്ഷ്മ ശില്‍പ്പങ്ങളും റോക്കറ്റ് കൊണ്ടുപോകും.

റോക്കറ്റിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഇന്‍-ബില്‍റ്റ് ഇന്റലിജന്‍സ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.2022 നവംബറില്‍ ‘വിക്രം-എസ്’ എന്ന സബ്ഓര്‍ബിറ്റല്‍ റോക്കറ്റ് സ്‌കൈറൂട്ട് വിജയകരമായി പരീക്ഷിച്ചിരുന്നു. ആഗോള ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കുന്നതില്‍ ഈ ദൗത്യം നിര്‍ണായക പങ്ക് വഹിക്കും.

Scroll to Top