ചീമേനിയില്‍ ആണവ നിലയം പണിയാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി രംഗത്തെ ജില്ലാതല അവലോകന യോഗം ചേര്‍ന്നു, മൂന്ന് മാസത്തില്‍ ഒരിക്കല്‍ യോഗം ചേരാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി

ചീമേനിയില്‍ ആണവ നിലയം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അത്തരം അലോചനയുമായി മുന്നോട്ടു പോകില്ലെന്നും വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പ്രദേശത്തെ എം പി യും എം എല്‍ എ യും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആണവ നിലയം പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പ് തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചീമേനിയില്‍ ആണവ നിലയ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രദേശവാസികള്‍ പരിഭ്രാന്തരാണെന്നും നിലവില്‍ ഇവിടെ ആണവ നിലയം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും സന്ദീപ് വാര്യര്‍ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പ് നല്‍കിയത്. ഉഡുപ്പി- കരിന്തളം പവര്‍ ഹൈവേയുമായി ബന്ധപ്പെട്ട് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും വികസനത്തിന്റെ പേരില്‍ ആരും ഇരകളാകരുതെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. വെള്ളവും വായുവും പോലെ മനുഷ്യന് ഒഴിച്ചുകൂടാന്‍ സാധിക്കാത്താണ് വൈദ്യുതി .

പ്രവൃത്തി പുരോഗമിക്കുന്ന മൈലാട്ടി ബാറ്ററി സ്റ്റോറേജ് സിസ്റ്റം, മുള്ളേരിയ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് പരിശോധിച്ചു. കുറ്റിക്കോല്‍ സബ്സ്റ്റേഷന്‍ ഉടന്‍ ആരഭിക്കാന്‍ സാധിക്കും. ജില്ലയിലെ ജലസ്രോതസുകളെ വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ചീമേനിയിലെ സോളാര്‍ പാര്‍ക്കിന്റെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. ജീവനക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി പരാതി കൂടാതെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാതലത്തില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ യോഗം ചേരാന്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ എ.കെ.എം അഷറഫ്, കല്ലട്ര മാഹിന്‍, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍,ട്രാന്‍സ്മിഷന്‍ എഞ്ചിനീയര്‍ ഷാജി സുധാകരന്‍, ട്രാന്‍സ്ഗ്രിഡ് ചീഫ് എഞ്ചിനീയര്‍ വി. സുരേഷ്,
വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ശിവദാസന്‍ വിഷയം അവതരിപ്പിച്ചു. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എം.പി രാജന്‍ സ്വാഗതവും നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനീയര്‍ ടി.എസ് ജയശ്രീ നന്ദിയും പറഞ്ഞു.

Scroll to Top