അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെ ഇന്ന് അമൃത്സറില്‍ എത്തിച്ചതിലാണ് ശശി തരൂരിന്റെ പ്രതികരണം
ദില്ലി: അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരെ ശശി തരൂര്‍. അമേരിക്കക്ക് ഇവരെ സാധാരണ വിമാനങ്ങളില്‍ തിരിച്ചയക്കാമായിരുന്നെന്നും രേഖകള്‍ ഇല്ലാത്തവരെ തിരിച്ചയക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്കായി ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ലെന്നും ഇന്ത്യയില്‍ ബംഗ്ലാദേശികള്‍ അനധികൃതമായി കഴിയുന്നുണ്ടെങ്കില്‍ അവരെ തിരിച്ചയ്ക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നിന്നുള്ള 18000 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്നാണ് യുഎസ് പ്രഖ്യാപനം. 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെ ആദ്യ ബാച്ചായി തിരിച്ചെത്തിച്ചത്. 40 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് രാവിലെയാണ് അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലെത്തിയത്.