പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത! ടോപ് ക്ലാസ് സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘ടോപ്പ് ക്ലാസ് സ്‌കോളര്‍ഷിപ്പ് പദ്ധതി’യില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ട്യൂഷന്‍ ഫീസും അക്കാദമിക് അലവന്‍സുകളും നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം.

ഐഐടികള്‍, ഐഐഎമ്മുകള്‍, എയിംസ്, എന്‍ഐടികള്‍, ദേശീയ നിയമ സര്‍വകലാശാലകള്‍, എന്‍ഐഎഫ്ടി, എന്‍ഐഡി, ഐഎച്ച്എമ്മുകള്‍, മറ്റ് അംഗീകൃത കോളേജുകള്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന, 8 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികളാണ് ടോപ് ക്ലാസ് സ്‌കോളര്‍ഷിപ്പിന് അര്‍?ഹര്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പുതിയ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുകയുള്ളൂ. ഇവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി കോഴ്സ് പൂര്‍ത്തിയാകുന്നതു വരെ സ്‌കോളര്‍ഷിപ്പ് പുതുക്കാനും സാധിക്കും.

കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ ട്യൂഷന്‍ ഫീസും നോണ്‍ റീഫണ്ടബിളായിട്ടുള്ള മറ്റ് ഫീസുകളും ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി ബി റ്റി) വഴി വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് കൈമാറും. പരമാവധി 2 ലക്ഷം രൂപ വരെയാണ് അനുവ?ദിക്കുക. പുതിയ അറിയിപ്പ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതച്ചെലവുകള്‍, പുസ്തകങ്ങള്‍, ലാപ്ടോപ്പുകള്‍ എന്നിവയ്ക്കായി ആദ്യ വര്‍ഷം 86,000 രൂപയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 41,000 രൂപയും അക്കാദമിക് അലവന്‍സും ലഭിക്കും. ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍ നിന്നുള്ള സമാനമായ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഒരേ കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ സഹോദരങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. കൂടാതെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പഠിക്കുന്ന സ്ഥാപനങ്ങള്‍ മാറിയാലും യോഗ്യത നഷ്ടപ്പെടുന്നതാണ്. 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവിലേയ്ക്കായി ആകെ 21,500 സ്ലോട്ടുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 2024-25 കാലയളവിലേയ്ക്കുള്ള സ്ലോട്ടുകളുടെ എണ്ണം 4,400 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 30% പട്ടികജാതി പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്യും. എന്നാല്‍, പെണ്‍കുട്ടികളുടെ സ്ലോട്ടുകള്‍ ബാക്കിയായാല്‍ ആ സ്ലോട്ടുകളിലേയ്ക്ക് ആണ്‍കുട്ടികളെ ഉള്‍ക്കൊള്ളിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

Scroll to Top