കുഞ്ചത്തൂര്‍ മാട രുദ്രഭൂമി സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണം : എം.എല്‍. അശ്വിനി

കുഞ്ചത്തൂര്‍: മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ മാടയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദു സമുദായത്തിന്റെ ശ്മശാനഭൂമി കൈയേറ്റങ്ങളില്‍ നിന്ന് സംരക്ഷിച്ച്, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചായത്ത്-ജില്ലാ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു.

ശ്മശാനഭൂമിയില്‍ പൂര്‍വികരുടെ ഭൗതികദേഹം സംസ്‌കരിച്ച സ്ഥലങ്ങളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ശിലാഫലകങ്ങള്‍ ഉള്‍പ്പെടെ ജെസിബി ഉപയോഗിച്ച് തകര്‍ത്തത് പ്രതിഷേധാര്‍ഹമാണ്. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള 2.70 ഏക്കര്‍ വരുന്ന ശ്മശാനഭൂമിയില്‍ വൈദ്യുതിയോ വെള്ളമോ ലഭ്യമല്ലാത്തത് അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ്.

ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ശ്മശാനഭൂമി സംരക്ഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണം. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും എം.എല്‍. അശ്വിനി മുന്നറിയിപ്പ് നല്‍കി.

സാര്‍വ്വജനിക രുദ്രഭൂമി സമിതി പ്രസിഡന്റ് ഉമേഷ് പൂമണ്ണ, രാജ വെളിച്ചപ്പാട, സഞ്ജീവ ഷെട്ടി, ദയാനന്ദ ഷെട്ടി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, രാജേഷ് തുമിനാട്, മുന്‍ പഞ്ചായത്ത് ജനപ്രതിനിധി ശശികല, ഹൃത്വിക് എന്നിവര്‍ സംബന്ധിച്ചു.

Scroll to Top