അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍(എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ട്രഷറര്‍ പാബ്ലോ ടോവിഗിനോ എന്നിവരെ എയര്‍പോര്‍ട്ട് ബസില്‍ വെച്ച് എഫ്.ബി.ഐ ഏജന്റുമാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുകുലുക്കുന്ന സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ പുറത്ത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിച്ച കോടിക്കണക്കിന് ഡോളര്‍ യു.എസ് ബാങ്കുകള്‍ വഴി വെളുപ്പിച്ചെന്ന കേസില്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. ലോകകപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജന്റീന ടീം നാട്ടിലേക്ക് മടങ്ങാന്‍ ചാര്‍ട്ടര്‍ വിമാനത്തിലേക്ക് കയറുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍(എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ട്രഷറര്‍ പാബ്ലോ ടോവിഗിനോ എന്നിവരെ എയര്‍പോര്‍ട്ട് ബസില്‍ വെച്ച് എഫ്.ബി.ഐ ഏജന്റുമാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കളിക്കാര്‍ വിമാനത്തിലേക്ക് കയറാന്‍ ഒരുങ്ങവെ, ഉദ്യോഗസ്ഥര്‍ ടാപിയയെയും ടോവിഗിനോയെയും ബസ്സില്‍ വെച്ച് അരമണിക്കൂറോളം ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടാപിയയുടെ ഫോണ്‍ എഫ്.ബി.ഐ പിടിച്ചെടുത്തതായും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായും പ്രാദേശിക മാധ്യമമായ ‘ഇന്‍ഫോബെ’ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. എ.എഫ്.എയുമായി ബന്ധപ്പെട്ട 300 മില്യണ്‍ ഡോളറിലധികം(ഏകദേശം 2,895 കോടി രൂപ) വരുന്ന വാണിജ്യ കരാറുകളും സ്‌പോണ്‍സര്‍ഷിപ്പ് തുകകളുമാണ് പ്രധാനമായും എഫ്ബിഐയുടെ അന്വേഷണ പരിധിയിലുള്ളത്. പ്രമുഖ യു.എസ് ബാങ്ക് അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് ഡോളര്‍ എത്തിയതായും, ഇവ ഏതാനും ദിവസങ്ങള്‍ക്കം തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തില്‍ മാറ്റിയതായും ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഡിസംബറില്‍ അര്‍ജന്റീനയില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് യു.എസ് ഏജന്‍സികളും അന്വേഷണം ശക്തമാക്കിയത്. അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തി. എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയോ ട്രഷറര്‍ പാബ്ലോ ടോവിഗിനോയോ എന്നിവരെ ഏതെങ്കിലും അമേരിക്കന്‍ കോടതിക്ക് മുന്‍പാകെ ഹാജരാകാന്‍ സമന്‍സ് അയക്കുകയോ ഇവരുടെ ഫോണുകളോ മറ്റ് ഉപകരണങ്ങളോ അന്വേഷണ സംഘം പിടിച്ചെടുടുക്കുരയോ ചെയ്തിട്ടില്ലെന്ന് എ.എഫ്.എ പ്രസ്താവനയില്‍ വ്യക്തമാക്കി.




