പുതുക്കിയ ബജറ്റിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ടായെങ്കിലും തീരുമാനമായില്ല.ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ തിരക്കുകള്‍ പറഞ്ഞ് മുന്നണി യോഗം ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കക്ഷി നേതാക്കളുടെ പ്രധാന പരാതി.
തിരുവനന്തപുരം: യുഡിഎഫ് മുന്നണി യോഗം കഴിഞ്ഞ രണ്ടു മാസമായി ചേരാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികള്‍. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മേയ് മാസത്തിലാണ് ടീം യുഡിഎഫ് ഒടുവില്‍ ഒന്നിച്ചിരുന്നത്. മുന്നണിയുടെ സംസ്ഥാന സമിതി യോഗമാകട്ടെ അതിനും വളരെ മുന്‍പാണ് നടന്നത്. പുതുക്കിയ ബജറ്റിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ടായെങ്കിലും തീരുമാനമായില്ല.ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ തിരക്കുകള്‍ പറഞ്ഞ് മുന്നണി യോഗം ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കക്ഷി നേതാക്കളുടെ പ്രധാന പരാതി. ഇനി യോഗം വിളിക്കുന്നത് നീട്ടാനാകില്ലെന്ന കര്‍ശന നിലപാടിലാണ് ഘടകകക്ഷികള്‍.
കൃത്യമായ ഇടവേളകളില്‍ മുന്നണി യോഗം ചേരുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളത്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം, പിഎം ശ്രീ വിഷയത്തിലെ മുന്നണി നിലപാട്, സര്‍ക്കാര്‍ നിയമന വിവാദങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട പല വിഷയങ്ങളിലും മുന്നണിയില്‍ കൃത്യമായ കൂടിയാലോചനകള്‍ അനിവാര്യമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം, ക്യാബിനറ്റ് പദവികള്‍ ഉള്‍പ്പെടെയുള്ള സ്ഥാനമാനങ്ങളുടെ നിര്‍ണ്ണയം എന്നിവ പൂര്‍ത്തിയാക്കാനും യുഡിഎഫ് യോഗം ചേരേണ്ടതുണ്ട്.
പുതിയ കെപിസിസി പ്രസിഡന്റ് വന്ന ശേഷം യോഗം ചേരാം എന്ന് കരുതുന്നത് കൂടുതല്‍ വൈകലിന് ഇടയാക്കുമെന്ന ആശങ്കയും ഘടകകക്ഷികള്‍ക്കുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയില്‍ വെച്ച് മുഖ്യമന്ത്രിയും യുഡിഎഫ് കണ്‍വീനറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും മുന്നണി യോഗം വിളിക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ചര്‍ച്ചകളും നടന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.




