മൊഗ്രാലില്‍ നീന്തല്‍ കളരിക്ക് തുടക്കം.

മൊഗ്രാല്‍.വിദഗ്ദ നീന്തല്‍ പരിശീലകന്‍ എംഎസ് മുഹമ്മദ് കുഞ്ഞി മൊഗ്രാലിന്റെ സൗജന്യ നീന്തല്‍ കളരിക്ക് മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ തുടക്കമായി.

കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി മൊഗ്രാലില്‍ കുട്ടികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനം നല്‍കി വരികയാണ് ദേശീയവേദി പ്രവര്‍ത്തകനായ എം എസ് മുഹമ്മദ് കുഞ്ഞി. ഈ മൂന്നര പതിറ്റാണ്ടിനിടെ കോവിഡ് കാലത്തും, കഴിഞ്ഞവര്‍ഷം തൊഴിലിനിടെ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായതും നീന്തല്‍ പരിശീലനം മുടങ്ങാന്‍ കാരണമായിരുന്നു.

ഈ വര്‍ഷത്തെ നീന്തല്‍ പരിശീലനമാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. തുടക്കത്തില്‍ തന്നെ 25-ഓളം കുട്ടികള്‍ പരിശീലനം നേടാനെ ത്തി.ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ 8നും,15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് നീന്തല്‍ പരിശീലനം നല്‍കുന്നത്. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശീലന സമയം. വൈകുന്നേരങ്ങളില്‍ മുതിര്‍ന്നവര്‍ കുളത്തിലിറങ്ങി കുളിക്കുന്നതിനാലാണ് പരിശീലനം രാവിലെ മുതലാക്കിയതെന്ന് എംഎസ് മുഹമ്മദ് കുഞ്ഞി പറയുന്നു.

പരിശീലനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് കുമ്പള ഗ്രാമപഞ്ചായത്തും,പരിശീലകനും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് വലിയ അനുഗ്രഹവും, അംഗീകാരവുമാ വുന്നുണ്ട്.മൂന്നര പതിറ്റാണ്ട് കാലമായി എം എസ് മുഹമ്മദ് കുഞ്ഞി നടത്തി വരുന്ന ഈ സാമൂഹിക പ്രവര്‍ത്തനത്തിന് ജില്ലയിലെ വിവിധ സംഘടനകള്‍ ആദരവ് നല്‍കിയിരുന്നു.ഏറ്റവും ഒടുവിലാണ് കുമ്പള ചിരഞ്ജീവി ക്ലബ്ബ് പ്രശസ്തി പത്രവും, ട്രോഫിയും സമ്മാനിച്ചത്.

ഈ മാതൃകാപരമായ സാമൂഹിക സേവനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത് വരെ അംഗീകാരം തേടിയെത്താത്തതില്‍ എം എസ് മുഹമ്മദ് കുഞ്ഞിക്ക് പ്രയാസമുണ്ട്.ഇത് സംബന്ധിച്ച് നേരത്തെ മൊഗ്രാല്‍ ദേശീയവേദി കായിക-സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. ജില്ലയില്‍ എത്തുന്ന പുതിയ കായിക- സ്‌പോര്‍ട്‌സ് മന്ത്രിക്ക് തുടര്‍ന്നും നിവേദനം നല്‍കുമെന്ന് ദേശീയവേദി ഭാരവാഹികള്‍ പറയുന്നുണ്ട്.

Scroll to Top