കെ. മൊയ്തീന്‍ കുട്ടി ഹാജി: കാരുണ്യത്തിന്റെയുംനന്മയുടെയും വറ്റാത്ത നീരുറവ;ഷാഫി എ.നെല്ലിക്കുന്ന്

ഒരാള്‍ കടന്നുപോകുമ്പോള്‍ ബാക്കിയാകുന്നത് അയാള്‍ എത്രത്തോളം സമ്പാദിച്ചു എന്നതല്ല, മറിച്ച് എത്ര പേരുടെ കണ്ണീരൊപ്പി എന്നതിലാണ്.

ഈ വാക്കുകള്‍ ഏറ്റവും അനുയോജ്യമാകുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു കെ. മൊയ്തീന്‍ കുട്ടി ഹാജി എന്ന നമ്മുടെയൊക്കെ പ്രിയങ്കരനായ മൊയ്തുട്ച്ച. നാടിന്റെ നന്മമരമായി പടര്‍ന്നുപന്തലിച്ച്, അനേകര്‍ക്ക് താങ്ങും തണലുമേകിയ ആ മഹദ് വ്യക്തിത്വം നമ്മോട് വിടപറയുമ്പോള്‍, വലിയൊരു ശൂന്യതയാണ് ബാക്കിയാകുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കുകയും, എന്നാല്‍ തന്റെ ലാളിത്യവും മാനുഷിക മൂല്യങ്ങളും കൈവിടാതിരിക്കുകയും ചെയ്ത അപൂര്‍വ്വ വ്യക്തിയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ പഠന കാലം തൊട്ടേ പറഞ്ഞു കേള്‍ക്കുന്ന പേരായിരുന്നു പട്ടുവത്തില്‍ മൊയ്തുട്ച്ച എന്നത്. അതിന് കാരണമായത് ചന്ദ്രഗിരി പാലമായിരുന്നു. അന്ന് വരെ കേട്ടു കേള്‍വി മാത്രമുണ്ടായിരുന്ന പാലം പണി നേരിട്ടു കാണുന്നത് ആ കാലത്താണ്. ഒരു സ്‌കൂള്‍ കുട്ടിയുടെ ആകാംക്ഷയില്‍ നിന്നും പറഞ്ഞു കേട്ട പേരായിരുന്നത്.

പിന്നീട് കാലം ഒരുപാട് കടന്നു പോയി. അതിന് ശേഷം 1998ലാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും. ഫിര്‍ദൗസ് ബസാറിലുള്ള കൊപ്പല്‍ അബ്ദുല്ലയുടെ ഓഫീസില്‍ വെച്ച്. പിന്നീട് പല തവണ പലപരിപാടികളിലും ഹാജിക്കയുടെ സാന്നിധ്യമുണ്ടായി.

2003ല്‍ കാസര്‍കോട് സന്ധ്യാരാഗത്തില്‍ ഒരു ഇവന്റ് സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. യാദൃശ്ചികമായി ഒരു പരിപാടിക്കിടയില്‍ മൊയ്തീന്‍ കുട്ടി ഹാജിയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് കാര്യം സൂചിപ്പിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ച് പുറത്ത് തട്ടിക്കൊണ്ട ്പറഞ്ഞു. അതിനെന്താ നാളെ രാവിലെ 8 മണിക്ക് വീട്ടില്‍ വന്നാല്‍ മതി.

പിറ്റേദിവസം രാവിലെ ഞാനും ഹമീദും ഹനീഫും വിട്ടിലെത്തുമ്പോള്‍, തൂവെള്ള വസ്ത്രത്തില്‍ വീടിന്റെ സിറ്റൗട്ടില്‍ അദ്ദേഹമിരിക്കുന്നു. ഞങ്ങളെ കണ്ടപാടെ, നിങ്ങളെ കാത്തിരിക്കുകയായിരുന്നു. ആദ്യം ചായകുടിക്ക്. പിന്നെ തന്റെ മുന്നില്‍ ടീപ്പോയില്‍ വെച്ചിരുന്ന കവറെടുത്തു ഞങ്ങളുടെ കൈയ്യിലേക്ക് തന്നു. അക്കാലത്ത് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം തുക ആചെക്കിലുണ്ടായിരുന്നു. അന്ന് അത്ര അടുപ്പമില്ലാതിരുന്നിട്ടും അദ്ദേഹം ഞങ്ങളെപ്പോലുള്ള യുവാക്കളോട് കാണിച്ച സ്നേഹവും മമതയും ഒരിക്കലും മനസ്സില്‍ നിന്നും മായില്ല.

തന്നിലേക്ക് എത്തുന്ന ഏതൊരു മനുഷ്യനെയും വെറും കൈയോടെ മടക്കി അയക്കാത്ത വിശാലമനസ്‌കന്‍. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായഹസ്തം നീട്ടുമ്പോള്‍ അദ്ദേഹം ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കിയിരുന്നില്ല. പ്രയാസപ്പെടുന്നവരുടെ പ്രയാസങ്ങള്‍ സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് പരിഹരിക്കാന്‍ അദ്ദേഹം എപ്പോഴും തല്പരനായിരുന്നു. പാവങ്ങളുടെ അത്താണിയായ കാരുണ്യപ്രതീകമായിരുന്നു മൊയ്തുട്ച്ച.

സാധുക്കളുടെ കണ്ണീരൊപ്പുന്നതില്‍ ലഭിക്കുന്ന സംതൃപ്തിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ എപ്പോഴും പ്രതിഫലിപ്പിച്ചിരുന്ന തത്വം ഇതായിരുന്നു.

ഒരു സര്‍ക്കാര്‍ കരാറുകാരന്‍ എന്ന നിലയില്‍ തന്റെ തൊഴിലിനോട് കാണിച്ച സത്യസന്ധതയും കാര്യക്ഷമതയും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കി മാറ്റി. അതോടൊപ്പം തന്നെ നാടിന്റെ വികസന പദ്ധതികളില്‍ അദ്ദേഹം വഹിച്ച പങ്കും വളരെ വലുതായിരുന്നു.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്. ഒരു പൊതു പരിപാടിയില്‍ വെച്ച് നായനാര്‍ തന്റെ സ്തസിദ്ധമായ നര്‍മ്മം കലര്‍ത്തി പറഞ്ഞ വാചകങ്ങള്‍ അക്കാലത്ത് പത്രങ്ങളില്‍ വായിച്ചതോര്‍ക്കുന്നു. അന്ന് വേദിയിലുണ്ടായിരുന്ന മൊയ്തീന്‍ കുട്ടി ഹാജിയെ ചൂണ്ടിക്കാട്ടി നായനാര്‍ ഇങ്ങിനെ പറഞ്ഞു. സര്‍ക്കാര്‍ ഇദ്ദേഹത്തിന് കോടികളുടെ കടക്കാരനാണ്. അക്കാലത്തെ എല്ലാ വന്‍ പൊതുമരാമത്ത് നിര്‍മ്മിതകളും മൊയ്തീന്‍കുട്ടി ഹാജി തന്നെയാണ് ചെയ്തിരുന്നത്.

രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, വ്യത്യസ്ത ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. എല്ലാവരെയും സമഭാവനയോടെ കാണാനും, പ്രശ്നങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഹരിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഈ നന്മകള്‍ക്ക് പകരമായി അദ്ദേഹത്തിന് എന്തെങ്കിലും പകരം ചെയ്യണമെന്ന ഉദ്ദേശത്തില്‍ ഒരുപാട് പ്രാവശ്യം അദ്ദേഹത്തെ സമിപിച്ചിരുന്നെങ്കിലും അപ്പോഴൊക്കെ ഹാജിക്ക സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. അവസാനം ഞങ്ങളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി അദ്ദേഹം ഒരിക്കല്‍ വേദിയില്‍ കയറി. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അങ്ങിനെ അദ്ദേഹത്തെ ആദരിക്കാന്‍ അവസരം ലഭിച്ചു.

ഭൗതികമായി കെ. മൊയ്തീന്‍ കുട്ടി ഹാജി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, അദ്ദേഹം ഈ മണ്ണില്‍ വിതറിയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിത്തുകള്‍ ഇനിയും മുളച്ചു പൊന്തിക്കൊണ്ടേയിരിക്കും. ചെയ്ത നല്ല കാര്യങ്ങളിലൂടെയും പകര്‍ന്നുനല്‍കിയ വെളിച്ചത്തിലൂടെയും അദ്ദേഹം ഈ നാട്ടിലെ ഓരോ മനുഷ്യന്റെയും മനസ്സില്‍ എന്നും ജീവിക്കും.

Scroll to Top