വി.ബി.ജി.റാം.ജി പദ്ധതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്ള പരിശീലന പരിപാടി നടന്നു
നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ജനപ്രതിനിധികളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് കെ നീലകണ്ഠന്‍ എം.എല്‍.എ പറഞ്ഞു. വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്ള പരിശീലന പരിപാടി എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. പദ്ധതി ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥരുടെയും പൂര്‍ണ പരിശ്രമം ആവശ്യമാണ്. കുടിവെള്ള ക്ഷാമവും കാലാവസ്ഥ വ്യതിയാനവും രൂക്ഷമാകുന്ന ലോകത്ത് വി.ബി.ജി.റാം.ജി പോലുള്ള പദ്ധതികള്‍ നാടിന് ഏറെ പ്രയോജനം ചെയ്യുമെന്ന് എം.എല്‍.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.വി ഹരിദാസ് അധ്യക്ഷത വഹിച്ചു.
അഞ്ച് സെഷനുകളായാണ് പരിശീലന പരിപാടി നടന്നത്. പദ്ധതി നിയമം,പദ്ധതി ആസൂത്രണം, നിര്‍വഹണം,സാധ്യതകള്‍ പദ്ധതി യുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍, പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ ഘടനയും ചുമതലയും പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഐടി,അനുബന്ധ വിഷയങ്ങള്‍ എന്നിവയെ സംബന്ധിച്ചാണ് പരിശീലനം നടന്നത്. പരിശീലനത്തില്‍ 37 ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.
പരിശീലനത്തിന് ജെ.പി.സി ഇന്‍ ചാര്‍ജ് ടി.ടി സുരേന്ദ്രന്‍ ജില്ലാ ഐ.ടി പ്രൊഫഷണല്‍ മുരളീധരന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സി.കെ റസീന,ജില്ലാ എന്‍ജിനീയര്‍ സഅദ അബ്ദുറഹ്‌മാന്‍, ജോയിന്റ് ബി. ഡി.ഒ പീതാംബരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് വി.ബി.ജി.റാം.ജി എന്ന പേരില്‍ പരിഷ്‌കരിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു വര്‍ഷത്തില്‍ നൂറുതൊഴില്‍ ദിനങ്ങള്‍ ആയിരുന്നുവെങ്കില്‍ വി.ബി.ജി.റാം.ജി പദ്ധതിയില്‍ 125 തൊഴില്‍ ദിനങ്ങള്‍ ആണ് വര്‍ഷംതോറും നല്‍കുക. വികസിത് ഭാരത് 2047 ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമീണ മേഖലയില്‍ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, മഴവെള്ള സംഭരണം, ഭൂഗര്‍ഭജല പുനരുജ്ജീവനം, കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള പ്രതിരോധശേഷി എന്നിവ ഉറപ്പാക്കി ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.




