ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി. വിദ്യാര്‍ത്ഥികളുടെ ആശങ്ക ന്യായമാണെന്നും അവര്‍ തെരുവുകളില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ് ച ഏറെ വേദനാജനകമാണെന്നുമാണ് എക്‌സ് പോസ്റ്റിലൂടെ മുരളി മനോഹര്‍ ജോഷി പ്രതികരിച്ചിരിക്കുന്നത്.
‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവ വിദ്യാര്‍ഥികള്‍ ദിവസങ്ങളായി ന്യൂഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാര്‍ഥ്യമുള്ളവയാണ്. അതിനാല്‍ അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാര്‍ഥമായ ശ്രമത്തോടെയും സമീപിക്കേണ്ടതുണ്ട്’ എന്നാണ് മുരളി മനോഹര്‍ ജോഷി എക്‌സില്‍ കുറിച്ചിരിക്കുന്നത്.
‘ഈ വിഷയത്തെ കേവലം നിയമ-സമാധാന പ്രശ്‌നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാന്‍ ശ്രമിക്കില്ലെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രത്യാശിക്കുന്നു. യുവതികളടക്കമുള്ള വിദ്യാര്‍ഥികളോട് അതിക്രൂരമായി പെരുമാറിയെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. ഇത്തരം ബലപ്രയോഗങ്ങള്‍ ഇന്ത്യയെ ‘വിക്‌സിത് ഭാരത്’ (വികസിത ഇന്ത്യ)’ എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിര്‍ത്താന്‍ ഇടയാക്കുമെന്നും മുരളി മനോഹര്‍ ജോഷി തന്റെ എക്‌സ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇതിനിടെ ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധം നടന്നു. എംപിമാരുടെ പ്രതിഷേധ മാര്‍ച്ച് ഗാന്ധിസ്മൃതിയിലെത്തുകയായിരുന്നു. ഇന്‍ഡ്യാ സഖ്യത്തിലെ എല്ലാ എംപിമാരും പ്രതിഷേധത്തിനായി എത്തിയിരുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാര്‍ ഗാന്ധി സ്മൃതിയില്‍ പ്രവേശിച്ചിരുന്നു. ഗാന്ധി സ്മൃതിയിലേയ്ക്ക് എത്തിയ വാഹനത്തില്‍ നിന്നും പ്ലക്കാര്‍ഡുമായി ഇറങ്ങിയ എംപിമാരുടെ മുന്‍നിരയില്‍ പ്രിയങ്ക ഗാന്ധി, മിര്‍സ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെല്‍ജ, രേണുക ചൗധരി തുടങ്ങിയ വനിത എം പിമാരാണ് അണിനിരന്നത്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധമുണ്ടായത്. എംപിമാര്‍ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ഗാന്ധി സ്മൃതിയില്‍ ദേശീയഗാനം ചെല്ലിയാണ് പ്രതിഷേധം അവസാനിച്ചത്.




