നിതിന്‍ രാജിന്റെ മരണം:
ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയിലെ മൈക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ ശാസിച്ച കോടതി, സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്നും മുന്നറിയിപ്പ് നല്‍കി.
കൊച്ചി: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി. കോടതി മുറിയിലെ മൈക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ചതിന് ഉദ്യോഗസ്ഥനെ ജഡ്ജി വിമര്‍ശിച്ചു. സുപ്രധാന കേസ് വരുമ്പോള്‍ എന്തിനാണ് ഓണ്‍ലൈന്‍ മൈക്ക് ഓഫ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ചാനലുകള്‍ കോടതി നടപടി റെക്കോര്‍ഡ് ചെയ്ത് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുവെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. അതിനിടെ, കോടതി ഇടപെട്ട് മൈക്ക് ഓണ്‍ ചെയ്യിപ്പിച്ചു. ഉദ്യോഗസ്ഥനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.
സര്‍ക്കാര്‍ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങള്‍ക്കുണ്ടോ എന്നും ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞോയെന്നും കോടതി ചോദിച്ചു. ആഭ്യന്തരവകുപ്പിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ. പ്രതിക്ക് സുപ്രീംകോടതി വരെ പോകാന്‍ എന്തിനാണ് അവസരം നല്‍കിയത്. സാധാരണക്കാരന്റെ കാര്യം നോക്കാന്‍ ഇവിടെ കോടതി ഉണ്ട്. അത് ഓര്‍മ്മയിരിക്കട്ടെയെന്നും ഹൈക്കോടതി പറഞ്ഞു. നടപടി എടുക്കരുതെന്നു ഡിവൈഎസ്പി കോടതിയില്‍ പറഞ്ഞു. എന്നാല്‍ വീഴ്ച്ചയില്‍ നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പിയോട് കോടതി മറുപടി നല്‍കി.
അന്വേഷണ മേല്‍നോട്ടമെന്താണെന്ന് അറിയുമോയെന്ന് ക്രൈംബ്രാഞ്ച് എസ്പിയോടും കോടതി ചോദിച്ചു. എല്ലാ കാര്യങ്ങളിലും കോടതി നിര്‍ദ്ദേശം നല്‍കുക എന്ന സാഹചര്യം ഉണ്ടാക്കരുത്. ഇതുകൊണ്ട് ഒരു പ്രതിയെയും രക്ഷിക്കാന്‍ ആകില്ല. പൊലീസ് അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ എഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയ കോടതി, ഹര്‍ജി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.




