ഭാരത് സെന്‍സസ് 2027: കാഞ്ഞങ്ങാട് നഗരസഭയില്‍ ഒന്നാംഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍

ഭാരത് സെന്‍സസ് 2027-ന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ നടക്കുന്ന ഒന്നാംഘട്ട സെന്‍സസ് (ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെന്‍സസും) പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി ചാര്‍ജ് ഓഫീസറും കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയുമായ എം.കെ ഗിരീഷ് അറിയിച്ചു. നഗരസഭാ പരിധിയിലെ 128 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിലായി 121 എന്‍്യൂമറേറ്റര്‍മാരുടെയും 19 സൂപ്പര്‍വൈസറി സര്‍ക്കിളുകളുടെയും നേതൃത്വത്തിലാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതില്‍ 69 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ട്. 59 ബ്ലോക്കുകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ 53 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

അതേസമയം, എന്‍്യൂമറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ 95 ശതമാനത്തോളം പുരോഗതി കൈവരിച്ചതായും അദ്ദേഹം അറിയിച്ചു. 19 സൂപ്പര്‍വൈസറി സര്‍ക്കിളുകളില്‍ നാലെണ്ണത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെന്‍സസ് 2027 അവലോകന യോഗത്തില്‍ ജില്ലാ അഡീഷണല്‍ സെന്‍സസ് ഓഫീസറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം. മധുസൂദനന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ചാര്‍ജ് ഓഫീസര്‍ ഗിരീഷ് എം.കെ അധ്യക്ഷത വഹിച്ചു.

നഗരസഭാ പരിധിയിലെ എല്ലാ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണവും മാപ്പിംഗ് പ്രവര്‍ത്തനങ്ങളും ഈ മാസം തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. സെന്‍സസ് ബോധവല്‍ക്കരണത്തിനായി തയ്യാറാക്കിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതിനെ തുടര്‍ന്ന് അതിന്റെ സൃഷ്ടിയില്‍ പങ്കാളികളായ ജീവനക്കാരെ യോഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി എന്‍്യൂമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഏകോപിതമായി പ്രവര്‍ത്തിച്ചുവരികയാണ്. കൃത്യമായ വിവരങ്ങള്‍ നല്‍കിയും ആവശ്യമായ സഹകരണം ഉറപ്പാക്കിയും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ വി.എസ് ടെക്നിക്കല്‍ അസിസ്റ്റന്റ് നീലിമ, 19 സൂപ്പര്‍വൈസറി സര്‍ക്കിളുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സീനിയര്‍ ക്ലര്‍ക് കെ.സി. ജിതേഷ് സ്വാഗതവും സെന്‍സസ് ക്ലര്‍ക്ക് വി.എസ് പ്രിയദര്‍ശനന്‍ നന്ദിയും പറഞ്ഞു.

Scroll to Top