എന്‍ടിഎയില്‍ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; നടപടി സ്വീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47 പേരെ പിരിച്ച് വിട്ടു. നടപടി ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കും നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. എന്‍ടിഎയിലെ നിലവിലെ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കാനും കര്‍ശന നിര്‍ദേശം. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് എന്‍ടിഎയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര വിദ്യാഭാസ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ച് വിടല്‍ നടപടി ഉണ്ടായത്. പിരിച്ച് വിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍ പിരിച്ച് വിട്ട 47 ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

അതേസമയം, കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചര്‍ച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി പിന്നീട് വ്യക്തമാക്കിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിലപാട് കേന്ദ്രം പീന്നിട് അറിയിക്കുമെന്നാണ് പറഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ധര്‍മേന്ദ്ര പ്രധാനൊപ്പം ഉറച്ച് നില്‍ക്കാനും സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നുമാണ് ബിജെപിയുടെ തീരുമാനം

Scroll to Top