പ്രിയപ്പെട്ട ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ആദരാഞ്ജലികള്‍;കെ. എം.ഹനീഫ്

കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും പണ്ഡിതനും സമൂഹത്തിന് വഴികാട്ടിയുമായ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ നമ്മെ വിട്ടുപിരിഞ്ഞ് അല്ലാഹുവിന്റെ റഹ്‌മത്തിലേക്ക് യാത്രയായിരിക്കുന്നു. ഈ വാര്‍ത്ത കാസര്‍കോടിനാകെ തീരാനഷ്ടമാണ്. അറിവും ആത്മീയതയും വിനയവും സൗമ്യതയും ഒരുപോലെ സമന്വയിപ്പിച്ചിരുന്ന മഹാനായിരുന്നു അദ്ദേഹം. മലപ്പുറത്തിന്റെ മണ്ണില്‍ ജനിച്ചെങ്കിലും കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലം അദ്ദേഹം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കാസര്‍കോടുകാരനായി ജീവിച്ചു. ഒരു ഖാസി എന്ന നിലയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ചേര്‍ത്തുപിടിച്ച നേതാവായും ഉപദേശകനായും അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറം മനുഷ്യരെ സ്നേഹിക്കുകയും ഐക്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്.

പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെ ഞാന്‍ ആദ്യമായി നേരില്‍ കാണുന്നത് 2012-ലാണ്. അന്ന് ഞാന്‍ മംഗളൂരു പി. എ. കോളേജിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു. കോളേജിന്റെ ചെയര്‍മാനായിരുന്ന പരേതനായ ഡോ. പി. എ. ഇബ്രാഹിം ഹാജി എന്നെ വിളിച്ച് പറഞ്ഞു: ”എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഇന്ന് കോളേജ് സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്.”
അദ്ദേഹം ക്യാമ്പസിലെത്തിയപ്പോള്‍ ഡോ. പി. എ. ഇബ്രാഹിം ഹാജിയും ഞാനും മറ്റ് പ്രധാന സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കോളേജിലെ വിവിധ വിഭാഗങ്ങളും ലബോറട്ടറികളും അദ്ദേഹം വളരെ ശ്രദ്ധയോടെ സന്ദര്‍ശിച്ചു. ഓരോ സംവിധാനത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ താല്‍പര്യവും അന്വേഷണ മനോഭാവവും അന്നുതന്നെ എന്നെ അത്ഭുതപ്പെടുത്തി. പിന്നീട് കോളേജ് ഗസ്റ്റ് ഹൗസില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഡോ. പി. എ. ഇബ്രാഹിം ഹാജിയും പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ തുടങ്ങി. അവരുടെ സൗഹൃദത്തിന്റെ ആഴം അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. തബ്ലീഗ് രംഗത്തെ പ്രമുഖനായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയും സുന്നി പണ്ഡിതനായിരുന്ന പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരും നിരവധി വിദേശരാജ്യങ്ങള്‍ ഒരുമിച്ച് സന്ദര്‍ശിച്ചിട്ടുണ്ടെന്നും പല യാത്രകളിലും ഒരേ മുറിയില്‍ താമസിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞപ്പോള്‍, ആശയഭിന്നതകളെക്കാള്‍ വലിയതായിരുന്നു അവരുടെ പരസ്പര ബഹുമാനവും സൗഹൃദവുമെന്ന സത്യം എനിക്ക് ബോധ്യമായി. മതത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരസ്പര സ്നേഹവും ആദരവും എത്ര വിലപ്പെട്ടതാണെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു.

അതിന് അധികം വൈകാതെ തന്നെ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി നിയമിതനായി. ആ വാര്‍ത്ത എന്നെ അതിയായ സന്തോഷത്തിലാഴ്ത്തി. കാസര്‍കോടിന് ലഭിക്കാവുന്ന ഏറ്റവും അനുയോജ്യവും ഏറ്റവും ഉചിതവുമായ തീരുമാനമായാണ് എനിക്ക് അത് അനുഭവപ്പെട്ടത്. പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആ വിശ്വാസം പൂര്‍ണമായും ശരിവെച്ചു.

2014 ഓഗസ്റ്റില്‍ എന്റെ വീട് അബ്രയുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിലും മറ്റു തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഒരു മാസം കഴിഞ്ഞ് എന്റെ പ്രിയപ്പെട്ട പിതാവ്
കെ. എം. അബ്ദുല്‍ ഖാദര്‍ മരണപ്പെട്ടപ്പോള്‍, അദ്ദേഹം നേരിട്ട് എന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ആ സന്ദര്‍ശനവും അദ്ദേഹം പറഞ്ഞ ആശ്വാസവാക്കുകളും ഞങ്ങളുടെ കുടുംബം ഒരിക്കലും മറക്കില്ല. പ്രതിസന്ധിയുടെ സമയത്ത് സ്നേഹത്തോടെ ഒപ്പം നില്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം.

പിന്നീട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 15 അംഗ സ്റ്റിയറിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇന്നും ആ കമ്മിറ്റിയില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ തീരുമാനത്തിലും പക്വതയും നീതിബോധവും ദീര്‍ഘവീക്ഷണവും പ്രകടമായിരുന്നു. പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമ്പോഴും ശാന്തമായി കേട്ട് എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരത്തിലേക്ക് നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമായിരുന്നു.

പദവികള്‍ അദ്ദേഹത്തെ ഒരിക്കലും അഹങ്കാരിയാക്കിയില്ല. ഏത് സാധാരണക്കാരനും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. എല്ലാവരെയും ഒരേ സ്നേഹത്തോടെയും പുഞ്ചിരിയോടെയും സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യമാണ് ഏറ്റവും വലിയ മഹത്വം. മതപണ്ഡിതന്‍ എന്ന നിലയിലും വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലും സാമൂഹിക നേതാവ് എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കാസര്‍കോടിന്റെ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടും.

ഇന്ന് അദ്ദേഹം ശാരീരികമായി നമ്മോടൊപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളും
ജീവിതമൂല്യങ്ങളും സമൂഹത്തിന് നല്‍കിയ സേവനങ്ങളും എന്നും നമ്മോടൊപ്പമുണ്ടാകും. അദ്ദേഹം തീര്‍ത്ത വഴികളിലൂടെ മുന്നോട്ട് നടക്കുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവ്.

അല്ലാഹു അദ്ദേഹത്തിന്റെ എല്ലാ സേവനങ്ങളും സല്‍കര്‍മ്മങ്ങളും സ്വീകരിക്കട്ടെ. വിശാലമായ റഹ്‌മത്താല്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. ഖബര്‍ ജീവിതം പ്രകാശപൂര്‍ണമാക്കുകയും സ്വര്‍ഗ്ഗത്തിലെ ഉന്നത പദവികള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ശിഷ്യന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും കാസര്‍കോടിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഈ വേര്‍പാടിന്റെ ദുഃഖം സഹിക്കാനുള്ള ക്ഷമയും ശക്തിയും അല്ലാഹു പ്രദാനം ചെയ്യട്ടെ.

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊന്‍.

കെ. എം.ഹനീഫ്

Scroll to Top