കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി നവംബറില്‍ വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കും

കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി നവംബറില്‍ വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. മഞ്ഞംപൊതിക്കുന്ന് സന്ദര്‍ശിച്ച കളക്ടര്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പദ്ധതിയുടെ ഭാഗമായി ആംഫി തീയേറ്റര്‍ റസ്റ്റോറന്റ് കഫെറ്റീരിയ പാര്‍ക്കിംഗ്, വെളിച്ച സംവിധാനം, ശുചിമുറികള്‍ എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും. 3.60 കോടി രൂപയുടെതാണ് പദ്ധതി. പദ്ധതി പ്രദേശത്തിന് സമീപത്തുള്ള 50 സെന്റ് റവന്യൂ ഭൂമി തുടര്‍ വികസനത്തിന് വിട്ടു നല്‍കുന്നതിനുള്ള പ്രൊപോസല്‍ സമര്‍പ്പിക്കുന്നതിനും ഡിടിപിസി സെക്രട്ടറിയോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇവിടെ കുട്ടികളുടെ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കുന്നതിനും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. വാന നിരീക്ഷണത്തിന് കൂടി സൗകര്യപ്രദമായ വിശാലമായ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. സമീപത്തുള്ള ചെറിയഗുഹയെ കേവ് കഫ്റ്റേരിയയായി വികസിപ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിദഗ്ധസംഘം അടുത്തയാഴ്ച സ്ഥലം സന്ദര്‍ശിക്കും സില്‍ക്ക് ആണ് നിര്‍വഹണ ഏജന്‍സി.

കാഞ്ഞങ്ങാട് നിന്ന് മാവുങ്കല്‍ ആനന്ദ ആശ്രമത്തിന് സമീപത്തുള്ള കുന്നിന്‍ മുകളിലാണ് ടൂറിസം കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നത്. മഞ്ഞംപൊതികുന്നില്‍ നിന്ന് നോക്കിയാല്‍ ഒരുവശത്ത് റാണിപുരവും മറുവശത്ത് അറബിക്കടലും വീക്ഷിക്കാനാവുമെന്നസവിശേഷതയും ഉണ്ട്. ചരിത്രപ്രസിദ്ധമായ
ആനന്ദാശ്രമവും, സമീപത്തുള്ള വീര മാരുതി ക്ഷേത്രവും നിലവില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്.അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുളസി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍, തഹസില്‍ദാര്‍ രമേശന്‍ പൊയിനാച്ചി എന്നിവര്‍ ജില്ലാ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

Scroll to Top