റെഡ് റിബ്ബണ്‍ ജില്ലാതല പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എട്ട്, ഒന്‍പത്, 11 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജില്ലാതല റെഡ് റിബ്ബണ്‍ എയ്ഡ്സ് ബോധവത്ക്കരണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2026 ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
പ്രശ്നോത്തരി മത്സരത്തില്‍ വരക്കാട് വള്ളിയോടന്‍ കേളുനായര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ മിഷേല്‍ സൂസന്‍, ശ്രീനന്ദ് എസ് നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ കെ.അശ്വിന്‍രാജ്, തീര്‍ത്ഥ പ്രശാന്ത് എന്നിവര്‍ രണ്ടാം സ്ഥാനവും ഹൊസ്ദുര്‍ഗ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സി.ശ്രീദേവി, എന്‍ വൈഷ്ണവി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 5000 രൂപ, 4000 രൂപ, 3000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കി. ഒന്നാം സ്ഥാനം ലഭിച്ച ടീം അടുത്ത മാസം നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

എച്ച്.ഐ.വി എയ്ഡ്സ്, കൗമാര ആരോഗ്യം, പൊതുജനാരോഗ്യം, ജീവിത ശൈലി രോഗങ്ങള്‍, കേന്ദ്ര-സംസ്ഥാന ആരോഗ്യ പദ്ധതികള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ ആരതി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ് സ്വാഗതവും ജില്ലാ ഡി.ആര്‍.ടി.ബി, ടി ബി- എച്ച്.ഐ.വി കോര്‍ഡിനേറ്റര്‍ ടി.ആര്‍ അഭിജിത് നന്ദിയും പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് കമല്‍ കെ ജോസ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജോ എം ജോസ് പ്രശ്നോത്തരി മത്സരം നയിച്ചു. മത്സരത്തില്‍ ജില്ലയിലെ 61 സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ആരതി രഞ്ജിത്ത് വിതരണം ചെയ്തു.

Scroll to Top