ന്യൂല്‍ഹി: രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയാകും. ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് പ്രള്ഹാദ് ജോഷി. അഞ്ചുതവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കല്‍ക്കരി, ഖനനം, പാര്‍ലമെന്ററി കാര്യങ്ങള്‍ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.
നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജ്യവ്യാപകമായി വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. സമരം അവസാനിപ്പിക്കണമെങ്കില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ശക്തമായി നടപ്പിലാക്കുന്നതിനായിട്ടാണ് ആര്‍എസ്എസ് പശ്ചാത്തലമുള്ള ധര്‍മേന്ദ്ര പ്രധാനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി ബിജെപി നിയോഗിച്ചതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
ഉത്തരവാദിത്വം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കള്‍ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാണ് രാജിയെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരുന്നു.
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ സിജെപി നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ജന്തര്‍ മന്തിറില്‍ കഴിഞ്ഞ 50 ദിവസമായി നടന്ന് വന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ഉറപ്പുകള്‍ ചെവ്വാഴ്ചയ്ക്കകം എഴുതി നല്‍കും. കൂടിക്കാഴ്ചയ്ക്ക് മുമ്പായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം പിന്‍വലിക്കുമെന്നും സമരക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായി നടന്ന മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഉറപ്പുകളില്‍ വിശ്വാസം അര്‍പ്പിച്ചാണ് സമരം പിന്‍വലിക്കുന്നതെന്നും, വാഗ്ദാനം ചെയ്ത സമയപരിധിക്കുള്ളില്‍ എല്ലാ തീരുമാനങ്ങളും നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ തങ്ങളുടെ ആദ്യ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായും സിജെപി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധക്കാരും സംഘാടകര്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്ഐആറുകളും പിന്‍വലിക്കണമെന്ന സിജെപിയുടെ രണ്ടാമത്തെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചതായി സൗരവ് ദാസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ മാത്രമല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കും ഇത് ബാധകമാണെന്ന് സൗരവ് ദാസ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലേതു മാത്രമല്ല ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിഷേധക്കാരെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കണമെന്നതായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടുണ്ട് എന്നായിരുന്നു സൗരവിന്റെ പ്രതികരണം.
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി വിദ്യാര്‍ത്ഥികളുടെ വിജയമെന്നായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വിദ്യാഭ്യാസ മേഖലയ്ക്ക് എതിരെ കഴിഞ്ഞ കുറെ നാളായി ആക്രമണം തുടരുന്നുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിദ്യാഭ്യാസ സംവിധാനം മാറ്റാന്‍ മികച്ച പദ്ധതികള്‍ വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖല ഉടച്ചുവാര്‍ക്കേണ്ടതുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കാന്‍ RSS മോദിയേക്കാള്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളില്‍ പ്രധാന ഉത്തരവാദിത്വമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാര്‍ഥികളോട് പരസ്യമായി മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുക്കള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിജെപിയുടെ ആഭിമുഖ്യത്തില്‍ ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. സിജെപി നേതൃത്വത്തില്‍ പാര്‍ലമെന്റിലേയ്ക്ക് നടന്ന മാര്‍ച്ചിനെതിരെ പൊലീസ് ശക്തമായ ആക്രണം അഴിച്ച് വിട്ടതോടെയാണ് സമരത്തിന്റെ രൂപം മാറുന്നത്. മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ ഡല്‍ഹി പൊലീസ് കണ്ണീര്‍വാതകവും ബാറ്റണുകളും ഉപയോഗിച്ചതോടെ പ്രതിഷേധം കനത്തു. ഇതിന്അ പിന്നാലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ അടക്കം ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് സമരം തണുപ്പിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ സിജെപി നേതാക്കള്‍ ഉറച്ചുനിന്നു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടുഘട്ടങ്ങളായാണ് സര്‍ക്കാര്‍ സിജെപിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണ ആയിരുന്നില്ല. ശനിയാഴ്ച മൂന്നാം ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത്.




