ജീവിതം കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ കരിയര്‍ മാര്‍ഗനിര്‍ദേശവും പ്രധാനം: രമേശ് ചെന്നിത്തല

നിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം ജീവിതം കെട്ടിപ്പടുക്കാന്‍ ശരിയായ കരിയര്‍ മാര്‍ഗനിര്‍ദേശവും പ്രധാനം: രമേശ് ചെന്നിത്തല

കാസര്‍ഗോഡ്: വിദ്യാര്‍ത്ഥികള്‍ ജീവിതവിജയം കൈവരിക്കാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനൊപ്പം ശാസ്ത്രീയമായ കരിയര്‍ മാര്‍ഗനിര്‍ദേശവും അനിവാര്യമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (CIGI) സിജി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന കോംപീറ്റന്‍സി അവെയര്‍നസ് പ്രോഗ്രാമിന്റെ (CAP) സംസ്ഥാനതല ഉദ്ഘാടനം നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍സാധ്യതകള്‍, അവയ്ക്കായി എങ്ങനെ തയ്യാറെടുക്കണം, വിവിധ മത്സരപരീക്ഷകളെ എങ്ങനെ സമീപിക്കണം, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ആയിരത്തോളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ CIGI ജനറല്‍ സെക്രട്ടറി ഡോ. സെഡ്. എ. അഷറഫ് അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കാസര്‍കോട് എം എല്‍ എ കല്ലട്ര മാഹിന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. എന്‍. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.

CIGI സി സര്‍ക്കിള്‍ ഡയറക്ടര്‍ ഷിഫാന വി. കെ. വിഷയാവതരണം നടത്തി.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, സ്‌കൂള്‍ മാനേജര്‍ അബ്ദുല്ല കുഞ്ഞി സല്‍മാന്‍, പ്രിന്‍സിപ്പല്‍ അബ്ദുല്ല കുഞ്ഞി, കരിയര്‍ ക്ലബ് മെന്റര്‍ സുബിന്‍ ജോസ്, CIGI ജില്ലാ പ്രസിഡന്റ് വി. കെ. പി. ഇസ്മായില്‍ ഹാജി, ജില്ലാ ട്രഷറര്‍ ഒ. കെ. മഹ്‌മൂദ്, വൈസ് പ്രസിഡന്റ് കെ. ടി. മുഹമ്മദ്, ഡോ കെ എ അഷറഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയുടെ കണ്‍വീനര്‍ നിസാര്‍ പെറുവാഡ് സ്വാഗതവും CIGI ജില്ലാ സെക്രട്ടറി മുജീബ് മാങ്ങാട് നന്ദിയും രേഖപ്പെടുത്തി.

Scroll to Top