പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെസി വേണുഗോപാല്‍; ലോക്‌സഭയില്‍ പരീക്ഷാ ഭേദഗതി ബില്‍ ചര്‍ച്ച തുടങ്ങി

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ലോക്‌സഭയില്‍ പൊതു പരീക്ഷാ ഭേദഗഗതി ബില്ലിന്മേലുള്ള ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അസാന്നിധ്യം പ്രതിപക്ഷം ചോദ്യം ചെയ്തെങ്കിലും, ചര്‍ച്ചയില്‍ സഹകരിക്കുന്നുണ്ട്
ദില്ലി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ലോക്‌സഭയില്‍ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും രാവിലെ സ്തംഭിപ്പിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്‌സഭ വീണ്ടും ചേര്‍ന്നാണ് ബില്ലില്‍ ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ചയില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാല്‍ എം പി ചോദ്യം ചെയ്‌തെങ്കിലും ചര്‍ച്ചയില്‍ പ്രതിപക്ഷം സഹകരിക്കുകയാണ്. ചര്‍ച്ചയ്ക്ക് എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ വേണമെങ്കിലും ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു മറുപടി നല്‍കി. ചോദ്യപേപ്പര്‍ ചോര്‍ച്ച ഏറെ ഗുരുതരമായ വിഷയമാണെന്നും ശക്തമായ നിയമനിര്‍മ്മാണം അത്യന്താപേക്ഷിതമാണെന്നും സ്പീക്കര്‍ സഭയില്‍ നിരീക്ഷിച്ചു.

വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കണം
വിദ്യാര്‍ത്ഥികളുടെ ഭാവി ഇനി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിര്‍ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാനായുള്ള ചരിത്രപരമായ നിയമനിര്‍മ്മാണമാണിതെന്നും, യു പി എ ഭരണകാലത്ത് നടന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. 2024-ലെ ബില്ലാണ് ഇപ്പോള്‍ ഭേദഗതി ചെയ്ത് സഭയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നതെന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി. വളരെ ശക്തമായ നിയമായിരിക്കും വരികയെന്നും വേഗത്തില്‍ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 എന്‍ ടി എയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യു പി എ അവഗണിച്ചതടക്കം മന്ത്രി ഓര്‍മ്മപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകള്‍ വിശദീകരിക്കുകയും ചെയ്തു.

അമിത് ഷാ മറുപടി പറഞ്ഞേ പറ്റു
ലോക്‌സഭയിലെ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിയാല്‍ മാത്രമേ രാജ്യസഭയിലെ ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കൂ എന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. സഭ തടസ്സപ്പെടാതെ വിഷയം വിശദമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പാര്‍ലമെന്റില്‍ വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്.

Scroll to Top