ജില്ലയിലെ ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന ദ്വിദിന ‘മണ്‍സൂണ്‍ ബയോഡൈവേഴ്‌സിറ്റി ആന്റ് ട്രെക്കിംഗ് ക്യാമ്പ്’ കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂര്‍ ബയോഡൈവേഴ്‌സിറ്റി സ്റ്റഡി സെന്ററില്‍ ആരംഭിച്ചു. ക്യാമ്പ് ഇന്നും (ജൂലൈ 31) നടക്കും. പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ ശ്യാം പുറവങ്കര, പക്ഷി നിരീക്ഷകനായ രാജു കിദൂര്‍ എ്നനിവരുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് മുപ്പതോളം സ്പീഷീസില്‍പ്പെട്ട പക്ഷികളെ പരിചയപ്പെടുത്തി വിവരിച്ചു നല്‍കി. തുടര്‍ന്ന് ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ ബോട്ടണി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ.എ മുഹമ്മദ് ഹനീഫ് ‘ഒഡോണേറ്റ്‌സും ജൈവവൈവിധ്യവും’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. കാസര്‍കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.), വനം വകുപ്പ്, കുമ്പള കൊപ്പളം പീസ് വാലി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, പക്ഷിനിരീക്ഷണം, പ്രകൃതി പഠനം, ഉത്തരവാദിത്ത ടൂറിസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി പുതുതായി വികസിപ്പിച്ച കിദൂര്‍ ബയോഡൈവേഴ്‌സിറ്റി സ്റ്റഡി സെന്ററിലെ ഡോര്‍മിറ്ററിയില്‍ താമസിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. കിദൂര്‍ പക്ഷിഗ്രാമ സന്ദര്‍ശനം, പ്രകൃതി നടത്തം, പള്ളം വെറ്റ്ലാന്‍ഡ് പഠനം, മിയാവാക്കി വന സന്ദര്‍ശനം, പൊസഡിഗുമ്പെ ട്രെക്കിംഗ്, രാത്രികാലജീവി നിരീക്ഷണം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിദഗ്ധ ക്ലാസുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
രണ്ടാം ദിവസമായ ഇന്ന് വിദ്യാര്‍ത്ഥികള്‍ പൊസഡിഗുമ്പെ ട്രെക്കിംഗില്‍ പങ്കെടുക്കും. തുടര്‍ന്ന് കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു ‘ജൈവവൈവിധ്യ സംരക്ഷണം’ എന്ന വിഷയത്തിലും എന്‍.വി സത്യന്‍, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം (RRT), ‘കാസര്‍കോട്് ജില്ലയിലെ വന്യജീവി വൈവിധ്യവും അതിന്റെ പരിപാലനവും’ എന്ന വിഷയത്തിലും ക്ലാസുകള്‍ നയിക്കും. എ.കെ.എം എം.എല്‍.എ അഷ്‌റഫ് ക്യാമ്പ് സന്ദര്‍ശിക്കും.
ക്യാമ്പ് സമാപനച്ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രകൃതിയുമായി അടുത്തിടപഴകുന്നതിനും ജൈവവൈവിധ്യത്തെക്കുറിച്ച് പ്രായോഗിക അറിവ് നേടുന്നതിനുമായി ഇത്തരത്തിലുള്ള ക്യാമ്പുകള്‍ തുടര്‍ന്നും സംഘടിപ്പിക്കാനാണ് ഡി.ടി.പി.സി. ലക്ഷ്യമിടുന്നത്. കൂടാതെ, ജില്ലയിലെ കോളേജുകള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, ടൂറിസം ക്ലബ്ബുകള്‍, നേച്ചര്‍ ക്ലബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ കുറഞ്ഞത് 20 അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക്, അവരുടെ ആവശ്യാനുസരണം കിദൂര്‍ ബയോഡൈവേഴ്‌സിറ്റി സ്റ്റഡി സെന്ററില്‍ കുറഞ്ഞ ചെലവില്‍ ‘ബയോഡൈവേഴ്‌സിറ്റി ആന്റ് ട്രെക്കിംഗ് ക്യാമ്പുകള്‍’ സംഘടിപ്പിച്ചു നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (DTPC) കാസര്‍കോട് 04994 256450, 8547162679. കിദൂര്‍ ബയോഡൈവേഴ്‌സിറ്റി സ്റ്റഡി സെന്റര്‍- 9995552247, 9895676308.




