ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം; ഒരു തൊഴിലാളി മരിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. പരുക്കേറ്റ ഒരാള്‍ അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ കെല്ലാം മേഖലയിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലൈ 22-ന് ശേഷം തെക്കന്‍ കശ്മീരിനെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണമാണിത്.

ഇന്ന് വൈകീട്ടോടെ തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന ആക്രമണം നടന്ന സ്ഥലം വളയുകയും അക്രമികളെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ കശ്മീരില്‍ ഇതര സംസ്ഥാനക്കാര്‍ക്കുനേരെ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവര്‍ ആക്രമണം നടത്തുന്നത് ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ്. ജൂലൈ 22-ന് തെക്കന്‍ കശ്മീരിലെ അനന്ത്നാഗില്‍ അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒരു പൊലീസുകാരനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നിരുന്നു. തുടര്‍ന്ന്, സുരക്ഷാ സേന 3,500 പേരെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുകയും തെക്കന്‍ കശ്മീരിലെ സജീവ തീവ്രവാദികളുടെ കുടുംബങ്ങള്‍ താമസിച്ചിരുന്ന രണ്ട് വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

Scroll to Top