സുരക്ഷ മുഖ്യം! എയര്‍ബസ് മുന്നറിയിപ്പില്‍ ഗ്രൗണ്ട് ചെയ്യാന്‍ ഇന്ത്യയില്‍ 250 വിമാനങ്ങള്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ സര്‍വീസുകള്‍ താളം തെറ്റും

ദില്ലി: എ-320 വിമാനങ്ങളില്‍ സാങ്കേതിക തകരാറുണ്ടാകാന്‍ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയില്‍ 200-ല്‍ അധികം വിമാനങ്ങളില്‍ അടിയന്തര പരിശോധന നടക്കുമെന്ന് വിമാന കമ്പനികള്‍. ഈ പശ്ചാത്തലത്തില്‍ വിവിധ സര്‍വീസുകളെ ഇത് സാരമായി ബാധിച്ചേക്കുമെന്ന മുന്നറിയിപ്പും കമ്പനികള്‍ നല്‍കുന്നു. തീവ്രമായ സൗരവികിരണം കാരണം എയര്‍ബസ് എ-320 ശ്രേണിയിലുള്ള വിമാനങ്ങളിലെ ഫ്ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഡാറ്റയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. തുടര്‍ന്ന് ഇന്ത്യയില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ തടസ്സപ്പെടുമെന്നാണ് റിയിപ്പ്. ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനുകള്‍ എല്ലാം തന്നെ എ-320 ശ്രേണിയിലുള്ള വിമാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

200-ല്‍ അധികം വിമാനങ്ങളില്‍ അടിയന്തര പരിശോധന
ഇന്ത്യന്‍ വിമാനക്കമ്പനികളുടെ കൈവശമുള്ള ഏകദേശം 200 നും 250 നും ഇടയില്‍ എയര്‍ക്രാഫ്റ്റുകള്‍ക്ക് അടിയന്തര സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകളോ ഹാര്‍ഡ്വെയര്‍ മാറ്റങ്ങളോ ആവശ്യമാണെന്ന് പിടിഐ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ തകരാറുകള്‍ പരിഹരിക്കുന്നതിനായി വിമാനങ്ങള്‍ നിലത്തിറക്കി എഞ്ചിനീയര്‍മാര്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വരും. അടുത്തിടെ വിദേശത്ത് ഒരു എ-320 വിമാനത്തിന് സംഭവിച്ച അപകടത്തെ തുടര്‍ന്ന് എയര്‍ബസ് നടത്തിയ പരിശോധനയിലാണ് പുതിയ മുന്നറിയിപ്പ് നല്‍കിയത്. എലിവേറ്റര്‍ എയ്ലറോണ്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിലെ തകരാറാണ് വിമാനം പെട്ടെന്ന് താഴേക്ക് കുത്തനെ പോകാന്‍ കാരണമായതെന്നാണ് സംശയം.

യൂറോപ്യന്‍ ഏവിയേഷന്‍ ഏജന്‍സി: യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) അടിയന്തര എയര്‍വര്‍ത്ത്നെസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തകരാര്‍ സംഭവിച്ച വിമാനങ്ങള്‍ അടുത്ത പറക്കലിന് മുമ്പ് പ്രവര്‍ത്തനക്ഷമമായ ഇഎല്‍എസി യൂണിറ്റുകള്‍ സ്ഥാപിച്ചിരിക്കണം എന്നാണ് നിര്‍ദ്ദേശം. വിമാനങ്ങളുടെ പ്രധാന ഫ്ലൈറ്റ്-കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഈ ഇഎല്‍എസി സംവിധാനമാണ്. ഇന്ത്യയില്‍ ഏകദേശം 560 എ-320 ശ്രേണി വിമാനങ്ങളാണുള്ളത്. ഇതില്‍ പകുതിയോളം വിമാനങ്ങള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. ഈ ഗ്രൗണ്ടിംഗ് കാരണം ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകും.

വിമാനക്കമ്പനികളുടെ പ്രതികരണം
പ്രധാനപ്പെട്ട വിമാനക്കമ്പനികള്‍ എല്ലാം തന്നെ സര്‍വീസ് മുടക്കങ്ങളെ കുറിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എ-320 വിമാനങ്ങള്‍ സംബന്ധിച്ച് എയര്‍ബസ് നല്‍കിയ സാങ്കേതിക മുന്നറിയിപ്പ് ഇന്‍ഡിഗോ സ്ഥിരീകരിച്ചു. ‘സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍ബന്ധിത അപ്‌ഡേറ്റുകള്‍ ഞങ്ങളുടെ വിമാനങ്ങളില്‍ മുന്‍കൂട്ടി നടപ്പിലാക്കുകയാണ്. ഈ മുന്‍കരുതല്‍ അപ്‌ഡേറ്റുകള്‍ കാരണം ചില വിമാന സര്‍വീസുകളുടെ സമയത്തില്‍ നേരിയ മാറ്റങ്ങള്‍ കണ്ടേക്കാം,’ എന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, എ-320 വിമാനങ്ങളുടെ ഒരു ഭാഗത്ത് സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ പുനഃക്രമീകരണം നടത്തുന്നതിനാല്‍ വിമാനം യാത്രക്ക് സജ്ജമാക്കുന്നതിനുള്ള ടേണ്‍റൗണ്ട് സമയം വര്‍ദ്ധിപ്പിക്കുമെന്നും ഇത് ഷെഡ്യൂളുകളില്‍ കാലതാമസത്തിന് കാരണമാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ബസ് എ-320 ശ്രേണിയിലുള്ള വിമാനങ്ങളില്‍ സോഫ്‌റ്റ്വെയര്‍ പരിഹാരം ആവശ്യപ്പെടുന്ന മുന്നറിയിപ്പിനോട് പ്രതികരിച്ച് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. ‘ഞങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളെയും ഇത് ബാധിക്കുന്നില്ലെങ്കിലും, ഈ നിര്‍ദ്ദേശം ലോകമെമ്പാടുമുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് ബാധകമാണ്. ഇത് വിമാന പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളോ, കാലതാമസമോ, റദ്ദാക്കലോ ഉണ്ടാക്കിയേക്കാം,’ എന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. അതേസമയം, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 31 വിമാനങ്ങളെ ഈ തകരാര്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എയര്‍ബസ് നിലപാട്
ഈ പരിഹാര നടപടികള്‍ വിമാന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെങ്കിലും മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് എയര്‍ബസ് സമ്മതിച്ചു. അടിയന്തര മുന്‍കരുതല്‍ നടപടികള്‍ ആവശ്യപ്പെട്ട് ഏവിയേഷന്‍ റെഗുലേറ്റര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എയര്‍ബസ് അറിയിച്ചു. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ വിമാനത്തിന്റെ ഘടനാപരമായ പരിധി കവിയുന്ന തരത്തില്‍ എലിവേറ്റര്‍ ചലനങ്ങള്‍ ട്രിഗര്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് EASA മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Scroll to Top