നീറ്റ് പ്രതിഷേധത്തിന് ശേഷം സിജെപിയുടെ അടുത്ത നീക്കം, രാജ്യം മുഴുവന്‍ സഞ്ചരിക്കും; ലിസണിംഗ് ടൂര്‍ തീയതി ഉടന്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) അടുത്ത ഘട്ട മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളില്‍ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറില്‍ പാര്‍ട്ടി യോഗം ചേരും. രാജ്യവ്യാപക പര്യടനം ഉള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
മുംബൈ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തിയ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ശേഷം, രാജ്യത്തെ യുവാക്കളെ സംഘടിപ്പിച്ച് അടുത്ത ഘട്ട മുന്നേറ്റത്തിന് രൂപം നല്‍കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളില്‍ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറില്‍ വെച്ച് പാര്‍ട്ടി രണ്ടുദിവസത്തെ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ, വക്താക്കള്‍, സംഘടനാ നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്ത അമ്പതോളം പ്രധാന വോളന്റിയര്‍മാരുമായും മറ്റ് ബന്ധപ്പെട്ടവരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. വരും ദിവസങ്ങളില്‍ യുവാക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനായി രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. യുവാക്കളുടെ പ്രതീക്ഷകളെ അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങളാക്കി മാറ്റാനുള്ള വഴി കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിജെപി ചീഫ് വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. രാജ്യവ്യാപക പര്യടനത്തിന്റെ സമയക്രമം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. അതേസമയം, യുവജന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുമെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായി മാറാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് സ്ഥാപകന്‍ അഭിജിത് ദീപ്‌കെ വ്യക്തമാക്കിയിട്ടുണ്ട്.

Scroll to Top