ദില്ലി: ഇന്ത്യയിലിരുന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരികെ പോകുന്ന സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഡിസംബറില്‍ തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. തന്നെ രാജ്യത്ത് നിന്ന് അടര്‍ത്തിമാറ്റാനാകില്ലെന്നും താന്‍ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. വിദൂരത്തിരുന്ന് രാജ്യത്ത് നടക്കുന്നത് കാണുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ നടക്കുന്നു. ഭയമാണ് രാജ്യത്ത്. അന്ന് നടന്നതിലെ സത്യം മനസ്സിലാക്കണം. നടന്നത് വിദ്യാര്‍ത്ഥി പ്രതിഷേധമല്ല. സമരം തീര്‍ക്കാന്‍ പലതവണ ശ്രമിച്ചു. എന്നാല്‍ സമരക്കാരുടെ ലക്ഷ്യം വേറെയായിരുന്നുവെന്നും ഹസീന വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് കടത്തിവിട്ടു. ഇതൊരു ഗൂഢാലോചനയായിരുന്നു എന്ന് മുഹമ്മദ് യൂനൂസ് സമ്മതിച്ചതാണ്. അധികാരമാറ്റത്തിനുള്ള ശ്രമമാണ് നടന്നത്. വലിയ സ്ഥാപനങ്ങളെയും ആശുപത്രികളെയും തകര്‍ത്തു. ജയിലില്‍ നിന്ന് ക്രിമിനലുകളെ മോചിപ്പിച്ചു. മാധ്യമങ്ങളെ വരെ ആക്രമിച്ചു. തന്റെ പാര്‍ട്ടിക്കാരെ കൊലപ്പെടുത്തി. നീതിയല്ല അധികാരമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നതെന്നും അവര്‍ പറഞ്ഞു.
ഇതുവരെ രാജ്യം നേടിയ നേട്ടങ്ങളെ തകര്‍ത്തു. സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുകയാണ്. മൊത്ത ആഭ്യന്തര ഉത്പാദനം അടക്കം താഴേക്ക് എത്തി. നിക്ഷേപകര്‍ രാജ്യം വിട്ടു. കടം വാങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. അവാമി ലീഗിന്റെ നിരോധനം നീക്കണം. ജനാധിപത്യ സ്വാതന്ത്ര്യം തിരികെ എത്തണം. താന്‍ തിരിച്ചുപോകും. ഭയപ്പെടുത്തി തിരികെ വരുന്നത് തടയാനാകില്ല. ഞാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഏത് കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്താലും താന്‍ തിരികെ വരുമെന്ന് ഹസീന. എന്റെ ഭാവിയല്ല എന്റെ ജനങ്ങളുടെ ഭാവിക്കാണ് പ്രാധാന്യമെന്നും അവര്‍ പറഞ്ഞു.
തിരികെ എത്തുക എന്നതാണ് എന്റെ കടമ. ജനങ്ങളുടെ പുരോഗതിക്കായി തിരികെ എത്തും. അതില്‍ നിന്ന് പിന്നോട്ടില്ല. 81ലും സമാനസാഹചര്യം ഉണ്ടായി. പിന്നീട് ജയിലിലായി. എന്നെ ഒന്നുകൊണ്ടും തടയാനാകില്ല. തിരികെ പോകുന്ന വിശദാംശങ്ങള്‍ പറയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഹസീനയ്ക്ക് എല്ലാ സുരക്ഷയുമുണ്ടെന്നും മോദി സര്‍ക്കാരിന് നന്ദിയെന്ന് ഹസീനയുടെ മകന്‍ പറഞ്ഞു.




