മുംബൈ: സംഘടന സംവിധാനം വിപുലീകരിച്ച് തുടര്‍സമര പരിപാടികള്‍ക്കൊരുങ്ങി സിജെപി. സെപ്റ്റംബറില്‍ പൊതുജനങ്ങളെ കേള്‍ക്കാന്‍ ക്യാ ബോല്‍ത്തി പബ്ലിക് ക്യാമ്പയിന്‍ തുടങ്ങാനും ഛത്രപതി സാംബാജി നഗറില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി തീരുമാനിച്ചു. ഇതിനിടെ മുംബൈയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് രണ്ടായിരത്തോളം കുട്ടികളോട് സംവദിച്ചു.
സമ്മര്‍ദ ശക്തിയാകാന്‍ ബലമുള്ളൊരു നേതൃത്വവും അംഗങ്ങളും വേണം. അതിനാല്‍ അംഗത്വ വിതരണം നടത്തിയും രാജ്യ വ്യാപക ക്യാമ്പയിനുകള്‍ ഏറ്റെടുത്തും അടിത്തറ ശക്തമാക്കാനാണ് സിജെപി സ്ഥാപകന്‍ അഭിജീത് ദീപകെയുടെ സാംബാജി നഗറിലെ വീട്ടില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍. സെപ്റ്റംബറില്‍ പൊതുജനങ്ങളെ കേള്‍ക്കാന്‍ ക്യാ ബോല്‍തി പബ്ലിക് ക്യാമ്പയിന്‍ തുടങ്ങും. വെബ്‌സൈറ്റ് രൂപീകരിച്ച് അംഗത്വം വിതരണം ചെയ്യും. അഭിജിത് ദിപ്‌കെ കണ്‍വീനറായും സൗരവ് ദാസും അശുതോഷ് രംഗയും കോ കണ്‍വീനര്‍മാരായും ആണ് കമ്മിറ്റി. രാജ്യത്തെ 5 സോണുകളില്‍ ഉപസമിതികള്‍ രൂപീകരിച്ചു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ആണ് പ്രധാന ലക്ഷ്യം. തൊഴിലില്ലായ്മ അടക്കം യുവാക്കളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കും. ഉടന്‍ സമരമില്ലെങ്കിലും തുടര്‍ സമരങ്ങള്‍ക്കായി മൂര്‍ച്ച കൂട്ടുകയാണ് പാറ്റകള്‍.




