നീറ്റ് ചോദ്യങ്ങള്‍ എങ്ങനെ ചോര്‍ന്നു? നിര്‍ണായക കണ്ടെത്തലുമായി സിബിഐ

സുരക്ഷാ വീഴ്ച മുതലെടുത്ത് വിഷയ വിദഗ്ധര്‍ ചോദ്യങ്ങള്‍ പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് കണ്ടെത്തല്‍.
ദില്ലി: നീറ്റ് ചോദ്യങ്ങള്‍ വിഷയ വിദഗ്ധരില്‍ ഒരാള്‍ പേപ്പറില്‍ എഴുതി പുറത്തേക്ക് കടത്തുക ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മറ്റ് രണ്ടു പേര്‍ ആകട്ടെ ചോദ്യങ്ങള്‍ ഓര്‍ത്തുവച്ച് കുറിപ്പുകളാക്കി ചോര്‍ത്തി. ചോദ്യങ്ങള്‍ തയ്യാറാക്കിയവര്‍ക്ക് ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഉണ്ടായില്ലെന്നും സിബിഐ കണ്ടെത്തി.

ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലെ വിദഗ്ധരാണ് ചോദ്യങ്ങള്‍ പുറത്തേക്ക് എത്തിച്ചത്. മൂന്ന് പേര്‍ക്കും പേപ്പര്‍ നല്‍കിയിരുന്നു. ഒരാള്‍ ആ പേപ്പറില്‍ ചോദ്യങ്ങള്‍ എഴുതി പുറത്തെത്തിക്കുക ആയിരുന്നു. 135ഓളം ചോദ്യങ്ങളാണ് ഇത്തരത്തില്‍ പുറത്തെത്തിച്ചത്. ബാക്കി രണ്ടു പേര്‍ ചോദ്യങ്ങള്‍ ഓര്‍ത്തുവച്ച് പുറത്തിറങ്ങിയ ഉടന്‍ പേപ്പറിലേക്ക് പകര്‍ത്തി. രണ്ട് പാളിച്ചകളാണ് സിബിഐ കണ്ടെത്തിയത്. സിസിടിവി നിരീക്ഷണമോ പുറത്തേക്ക് പോകും മുന്‍പ് ദേഹപരിശോധനയോ ഉണ്ടായില്ല എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

നീറ്റില്‍ മാറ്റങ്ങള്‍ പരിഗണനയില്‍
അതിനിടെ നീറ്റ്-യുജി പരീക്ഷകള്‍ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ജെഇഇ മാതൃക നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന. കൂടാതെ സിബിടി രീതിയിലേക്കുള്ള മാറ്റവും പരിഗണയിലുണ്ട്. വിഷയത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. നിലവിലുള്ള ഒഎംആര്‍ ഷീറ്റ് അടയാളപ്പെടുത്തുന്ന രീതിക്ക് പകരം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായ സിബിടി രീതിയിലേക്ക് നീറ്റ് പരീക്ഷ മാറ്റുക എന്നതാണ് പ്രധാന ആലോചന.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഒഎംആര്‍ മൂല്യനിര്‍ണയത്തിലെ ക്രമക്കേടുകളും പൂര്‍ണമായി തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മാതൃകയില്‍, നീറ്റ് പരീക്ഷയും രണ്ട് ഘട്ടങ്ങളായി നടത്തുന്നത് പരിഗണനയിലുണ്ട്. വര്‍ഷത്തില്‍ ഒരു തവണ മാത്രം നടത്തുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി രണ്ട് അവസരങ്ങള്‍ നല്‍കുന്ന കാര്യവും എന്‍.ടി.എയുടെ അജണ്ടയിലുണ്ട്.

പരീക്ഷ നടത്തിപ്പിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉന്നതതല വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 100-ലധികം ശുപാര്‍ശകള്‍ അടങ്ങിയ ഈ റിപ്പോര്‍ട്ടിലാണ് സിബിടി രീതിയും ഘട്ടം ഘട്ടമായുള്ള മാറ്റങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്.

Scroll to Top