മുണ്ടമാണി കുറ്റിക്കാനം ഉന്നതിയിലെ 13 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വാസസ്ഥലം ഉറപ്പാക്കും

പ്രശ്‌നങ്ങള്‍ സാങ്കേതിക സമിതി പരിശോധിച്ച് സര്‍ക്കാറിലേക്ക് പുനരധിവാസത്തിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കും; ജില്ലാ കളക്ടര്‍

2018 മുതല്‍ എല്ലാ കാലവര്‍ഷങ്ങളിലും ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന വെള്ളരിക്കുണ്ട് താലൂക്കിലെ മുണ്ടമാണി കുറ്റിക്കാനം ഉന്നതിയിലെ 13 കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് സ്ഥിരമായി മാറ്റി പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക യോഗം ചേര്‍ന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ബാധ്യത പ്രദേശത്ത് താമസിക്കുന്ന ഉന്നതിയിലെ ആളുകള്‍ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ചപ്പോള്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉന്നതിയില്‍ നേരിട്ടെത്തി ഉന്നതിനിവാസികളുമായി സംസാരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രത്യേക യോഗം ചേര്‍ന്നത്.

13 കുടുംബങ്ങള്‍ താമസിക്കുന്ന ഉന്നതിരിക്കുന്ന സ്ഥലം വാസയോഗ്യമാണോ അല്ലയോ എന്ന് ഉറപ്പാക്കാന്‍ അടുത്ത ആഴ്ചതന്നെ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, തുടങ്ങിയവര്‍ സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മുണ്ട മാണി കുറ്റിക്കാനം ഉന്നതികളില്‍ ഉന്നതിയിലെ ജനങ്ങളുടെ പുനരധിവാസത്തിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കള്ളാര്‍ പഞ്ചായത്തിലെ തന്നെ ഓട്ടകണ്ട ഉന്നതിയിലെ 12 കുടുംബങ്ങളും സമാനമായ പ്രശ്‌നം അനുഭവിക്കുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. സ്ഥല പരിശോധനയ്ക്ക് എത്തുന്ന വിദഗ്ധസംഘം ഓട്ടകണ്ട ഉന്നതി കൂടി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത, വൈസ് പ്രസിഡണ്ട് എം.എം ജീമോന്‍, കള്ളാര്‍ പഞ്ചായത്ത് അംഗം സി.രേഖ, പരപ്പ ടി.ഡി.ഒ ബി.സി അയ്യപ്പന്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി.വി പ്രകാശന്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ.എ റോഷില, ഹസാര്‍ഡ്‌നലിസ്റ്റ് പി.വി ശില്പ, ഊര് മൂപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top