പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നു പോകുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിസന്ധിയാവുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷമായി താരിഫുകളും വ്യാപാര തടസ്സങ്ങളും നേരിടുന്നത് നിര്‍ണായക വ്യാപാര ശൃംഖലകളില്‍ സമ്മര്‍ദ്ദമുണ്ടാക്കി.
പുതിയ സംഘര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് തന്നെ ആഗോള വ്യാപാരം പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അരി കയറ്റുമതി മുതല്‍ ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ വരെ നിര്‍ണായകമായ ഘടകമായ വളത്തിന്റെ വിലയിലുണ്ടായ കുതിച്ചുചാട്ടം വരെ ഇതിന്റെ പ്രതിഫലനമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
യുദ്ധം നീണ്ടു പോയാല്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുകയും അത് പണപ്പെരുപ്പം ഉയരുന്നതിനും അതോടെ പലിശനിരക്കുകള്‍ വര്‍ധിക്കുന്നതിന് കാരണമാവുകയും ചെയ്യും. ഇത് വായ്പയെടുത്തവരുടെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും. അതേസമയം, ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ഭീഷണി വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും വിലവര്‍ധനയ്ക്ക് കാരണമാവുകയും ചെയ്തേക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ നിരവധി മേഖലകളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കാനിടയുണ്ടെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഡാന്‍ കാറ്റ്സിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗോള മേഖലയിലെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സംഘര്‍ഷം എത്രത്തോളം നീളുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം നടത്തുന്നതിന് മുമ്പ്, ഈ വര്‍ഷം ആഗോള സമ്പദ്വ്യവസ്ഥ 3.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധി പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ വളര്‍ച്ചാ പ്രവചനം മാറ്റിയിട്ടില്ലെങ്കിലും സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഐഎംഎഫ് വ്യക്തമാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള സമ്പദ്വ്യവസ്ഥയില്‍ വ്യാപാര തടസ്സങ്ങള്‍ വര്‍ധിക്കുക, ഊര്‍ജവിലയില്‍ കുതിച്ചുചാട്ടമുണ്ടാവുക, സാമ്പത്തിക വിപണികളിലെ ചാഞ്ചാട്ടം തുടങ്ങിയ നിരവധി അപകടസാധ്യതകള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഐഎംഎഫ് അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ എത്രത്തോളം ബാധിക്കുമെന്നതിന്റെ പ്രധാന ഘടകം ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയാണ്. വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ ഈ ആഴ്ച എണ്ണവില കുത്തനെ ഉയര്‍ന്നു. ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില 18 മാസത്തിലേറെയായി കാണാത്ത ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലത്തേക്ക് അടച്ചിടാനുള്ള സാധ്യതയാണ് പ്രധാന ആശങ്ക. പശ്ചിമേഷ്യയില്‍ നിന്നുള്ള വന്‍തോതിലുള്ള എണ്ണയും പ്രകൃതിവാതകവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന കടല്‍മാര്‍ഗമാണ് ഹോര്‍മുസ് കടലിടുക്ക്. ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനും അതിര്‍ത്തി പങ്കിടുന്ന ഈ ഇടുങ്ങിയ കടല്‍പാതയിലൂടെ സാധാരണയായി ലോകത്തിലെ പ്രതിദിന എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (LNG) ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്നതായി യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കുന്നു.
ഹോര്‍മുസ് തടസ്സപ്പെട്ടാല്‍ യൂറോപ്യന്‍ പ്രകൃതിവാതക വിലയും കുതിച്ചുയരും. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതി രണ്ട് മാസത്തിലധികം തടസ്സപ്പെട്ടാല്‍ യുദ്ധത്തിന് മുമ്പുള്ള നിലവാരത്തില്‍ നിന്ന് പ്രകൃതിവാതക വില ഇരട്ടിയിലധികമാകാമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ വിലയിരുത്തല്‍.
2022ല്‍ റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയുണ്ടായ വിലക്കയറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്പിലെ നിലവിലെ വില ഇപ്പോഴും താഴ്ന്ന നിലയിലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് യൂറോപ്പിലെ പ്രകൃതിവാതക ശേഖരം കുറവാണ്. ഈ ശേഖരം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമായതിനാല്‍ കൂടുതല്‍ ഉയര്‍ന്ന ചെലവ് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ സമ്മര്‍ദമായേക്കും.




