ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിനൊപ്പം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വീണ്ടും മഴ കനക്കും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തില്‍ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന്(13/08/2026) രാവിലെ 02.30 വരെ 1.0 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.




