വര്‍ഷകാല സമ്മേളനത്തിന് സമാപനം; ലോക്‌സഭയില്‍ വന്ദേമാതര ആലാപനം മാത്രം, സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

ദില്ലി: സര്‍ക്കാരിനും പ്രതിപക്ഷത്തിനുമിടയില്‍ സമവായം ഇല്ലാതെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് സമാപനം. സഭയിലെത്തിയ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധത്തിന് തയ്യാറെടുത്തതോടെ വന്ദേമാതര ആലാപനം ഒഴിച്ചുള്ള നടപടികള്‍ ലോക്‌സഭയില്‍ ഒഴിവാക്കി. സ്പീക്കറുടെ ചായസത്ക്കാരം ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌ക്കരിച്ചു. സര്‍ക്കാരിനെതിരെ യുവരോഷം ഉണ്ടെന്ന് തെളിഞ്ഞ സമ്മേളനത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടത് പ്രതിപക്ഷത്തിന് നേട്ടമായി.

പതിനേഴ് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയും അമിത് ഷായും ഇന്ന് സഭയിലെത്തിയത്. വലിയ കൈയ്യടിയോടെ ഭരണപക്ഷം ഇരുവരെയും സ്വീകരിച്ചപ്പോള്‍ പ്രതിപക്ഷം എതിര്‍ത്ത് മുദ്രാവാക്യം മുഴക്കി. അമിത് ഷായുടെ അടുത്തെത്തി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സാഹചര്യത്തില്‍ സമ്മേളനം തീരുമ്പോള്‍ വായിക്കുന്ന പ്രസ്താവന പോലും ഒഴിവാക്കി സ്പീക്കര്‍ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ചു. പ്രധാനമന്ത്രിയും അമിത് ഷായും സ്പീക്കറുടെ ചേംബറിലേക്ക് പതിവ് ചായ സത്ക്കാരത്തിനായി കയറിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മാറി നിന്നു. കിരണ്‍ റിജിജു ക്ഷണിച്ചപ്പോള്‍ അമിത് ഷായ്‌ക്കൊപ്പം ഇരിക്കാന്‍ തയ്യാറല്ലെന്ന് രാഹുല്‍ മറുപടി നല്‍കി. സമാജ്വാദി പാര്‍ട്ടിയും ടിഎംസിയും വിട്ടു നിന്നപ്പോള്‍ ഡിഎംകെ നേതാവ് കനിമൊഴി ഇതില്‍ പങ്കെടുക്കാന്‍ തയ്യാറായി.

കേരളത്തിന്റെ ഔദ്യോഗിക നാമം മാറ്റുന്നതടക്കം പന്ത്രണ്ട് ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കി. ഇതില്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്ലില്‍ മാത്രമാണ് ലോക്‌സഭയില്‍ ചര്‍ച്ച നടന്നത്. ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അമിത് ഷാ രണ്ട് സഭകളിലും എത്താതെ മാറിനിന്നു. ഒടുവില്‍ ഇന്നലെ ചര്‍ച്ചയ്ക്ക് തയ്യാറായി നിലപാട് മാറ്റിയെങ്കിലും സ്വീകാര്യമല്ലെന്ന നയം കോണ്‍ഗ്രസ് കടുപ്പിച്ചു. പാര്‍ലമെന്റ് കവാടം വരെ എത്തിയ സിജെപി പ്രതിഷേധത്തിന് ഒടുവില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതും ബീഹാറിലെ പ്രശാന്ത് കിഷോറിന്റെ വിജയവും പാര്‍ലമെന്റിലെ സര്‍ക്കാര്‍ നീക്കങ്ങളെയും ബാധിച്ചു. മണ്ഡല പുനര്‍നിര്‍ണ്ണയവും എഫ്‌സിആര്‍എ ഭേദഗതിയുമായിരുന്നു അജണ്ടയിലെ ഒന്നും രണ്ടും വിഷയങ്ങളെങ്കിലും, രണ്ടും സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. ചാഞ്ചാടി നിന്ന ഡിഎംകെയും, എന്‍സിപി ശരദ് പവാര്‍ പക്ഷവും മാറിയ അന്തരീക്ഷത്തില്‍ സര്‍ക്കാരിനോട് ചേര്‍ന്നു നില്‍ക്കാന്‍ മടിച്ചു. ഒത്തുതീര്‍പ്പില്ലാതെ വര്‍ഷകാല സമ്മേളനം അവസാനിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷ ഭിന്നത ഇനി തെരുവില്‍ തുടരാനാണ് സാധ്യത.

Scroll to Top