കാസറഗോഡ് : മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ കേരള പോലീസ് ശക്തമാക്കിയ ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപടികളുടെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിലായി.
കാഞ്ഞങ്ങാട് അജാനൂരില്‍ കാറില്‍ വില്‍പനയ്ക്കായി കൊണ്ടുനടന്ന 12.75 ഗ്രാം എം.ഡി.എം.എയാണ് പോലീസ് പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് കുരുന്തൂര്‍ സ്വദേശി അബ്ദുള്‍ സഫ്വാന്‍ (29), കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി മുഹമ്മദ് ആഷിഖ് (24) എന്നിവരാണ് പിടിയിലായത്.
ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രേമന്‍ സി.വിക്കും സംഘത്തിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെ പരിശോധന നടന്നത്. 13/08/2026 തിയ്യതി വൈകുന്നേരം 4:45-ഓടെ അജാനൂര്‍ അബ്ദുള്‍ റഹ്‌മാന്‍ നഗറിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് പ്രതികള്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മുഹമ്മദ് ആഷിഖിന്റെ പക്കല്‍ നിന്നും കാറിന്റെ ഡാഷ്ബോര്‍ഡില്‍ നിന്നുമായി രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ 12.75 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറും, മൊബൈല്‍ ഫോണുകളും, ഇലക്ട്രോണിക് വേയിങ് മെഷീനും, പണവും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം (NDPS Act Sections 22(c), 29, 8(c)) ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരള പോലീസ് ഊര്‍ജിതമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി ശക്തമായ പരിശോധനകള്‍ തുടരും.




