സി.എം. ഉസ്താദ് വഫാത്ത് ദിനത്തില്‍ പ്രതിരോധനിര തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: ശഹീദ് ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ വഫാത്തിന്റെ 16-ാം വാര്‍ഷിക ദിനത്തില്‍ നീതിക്കായുള്ള ജനകീയ ആവശ്യം ഉയര്‍ത്തിപ്പിടിച്ച് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ചെമ്പരിക്ക കടപ്പുറത്ത് പ്രതിരോധനിര സംഘടിപ്പിച്ചു.

വിവിധ മേഖലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളും പ്രതിരോധനിരയില്‍ പങ്കെടുത്തു. സി.എം. ഉസ്താദിന്റെ ഓര്‍മകള്‍ക്ക് ആദരമര്‍പ്പിച്ച പ്രവര്‍ത്തകര്‍, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും നീതി ഉറപ്പാക്കുന്നതിനുമായി ശക്തമായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു.

പരിപാടി ഉദുമ നിയോജകമണ്ഡലം എം.എല്‍.എ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സി.എം. ഉസ്താദ് എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയ പണ്ഡിതനായിരുന്നുവെന്നും അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലുള്ളവര്‍ ഒരു ദിവസം നിയമത്തിന്റെ മുന്നില്‍ പിടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നീതിക്കായുള്ള പോരാട്ടം തുടരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വഫാത്തിന് 16 വര്‍ഷം പിന്നിട്ടിട്ടും നീതിക്കായുള്ള ആവശ്യം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധനിര സംഘടിപ്പിച്ചത്. കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി ഉറപ്പാക്കാനും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം പരിപാടിയില്‍ ഉയര്‍ന്നു.

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല യമാനി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ സി.എം. ഉസ്താദ് ഖബര്‍ സിയാറത്തിന് നേതൃത്വം നല്‍കി.

ജില്ലാ മുശാവറ അംഗം ബഷീര്‍ ദാരിമി തളങ്കര, മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മുഹിയുദ്ധീന്‍ അസ്ഹരി മാണിക്കോത്ത്, സി.എം. ഉസ്താദിന്റെ മകന്‍ ശാഫി ചെമ്പരിക്ക, കരീം ഫൈസി കുന്‍തൂര്‍, അഷ്‌റഫ് റഹ്‌മാനി ചൗക്കി, താജുദ്ദീന്‍ ചെമ്പരിക്ക, ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് ബഷീര്‍ ബംബ്രാണ, സമീര്‍ ഫാളിലി, സൂപ്പി മൗവല്‍, ശരീഫ് കളനാട്, സവാദ് ദാരിമി, ഹാഷിര്‍ കോട്ടിക്കുളം, മുഹമ്മദ് കുഞ്ഞി കുന്നില്‍, സെമീര്‍ ഹിശാമി, തമീം അര്‍ശദി, അബ്ദുല്ല ഹാജി, തൗഫീഖ്, ബഷീര്‍ മൗവ്വല്‍ , സലാം ബാഖവി
എന്നിവര്‍ സംബന്ധിച്ചു.

Scroll to Top