Home Kerala ട്രെയിന്‍ വഴിയുള്ള ലഹരിക്കടത്തില്‍ വന്‍വര്‍ധന; പരിശോധന കര്‍ശനമാക്കി റെയില്‍വെ

ട്രെയിന്‍ വഴിയുള്ള ലഹരിക്കടത്തില്‍ വന്‍വര്‍ധന; പരിശോധന കര്‍ശനമാക്കി റെയില്‍വെ

by KCN CHANNEL
0 comment

2024-ല്‍ അറസ്റ്റ് ചെയ്തത് 55 ലഹരിക്കടത്തുകാരെയാണ്
കോഴിക്കോട്: ട്രെയിന്‍ വഴിയുള്ള ലഹരിക്കടത്തില്‍ വന്‍വര്‍ധന. 2025-ല്‍ റെക്കോര്‍ഡ് ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. 2024-ല്‍ ഒരു വര്‍ഷം പിടിച്ചെടുത്തത് 559 കിലോഗ്രാം ലഹരി വസ്തുക്കളാണ്. 2025-ല്‍ രണ്ടുമാസം കൊണ്ട് 421.87 കിലോഗ്രാം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. 2024-ല്‍ മാത്രം പിടിച്ചെടുത്തത് 2,85,49,929 രൂപയുടെ ലഹരിയാണ്. 2025ല്‍ ഇതുവരെ 2,16,29, 100 രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. 2024-ല്‍ അറസ്റ്റ് ചെയ്തത് 55 ലഹരിക്കടത്തുകാരെയാണ്. ഈ വര്‍ഷം രണ്ടുമാസത്തിനിടെ 31 പേരെയാണ് പിടികൂടിയത്. ട്രെയിനില്‍ പരിശോധന കര്‍ശനമാക്കിയെന്ന് റെയില്‍വെ വ്യക്തമാക്കി.

അതേസമയം 2025ല്‍ കൊച്ചിയില്‍ ഇതുവരെ നടന്നത് റെക്കോര്‍ഡ് ലഹരിവേട്ടയാണ്. മാര്‍ച്ച് തികയും മുന്‍പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത് 642 കേസുകളാണ്. 721 പേരാണ് ഇതുവരെ അറസ്റ്റിലായത്. മൂന്ന് മാസത്തിനുള്ളില്‍ കൊച്ചിയില്‍ പിടികൂടിയത് 656.63 ഗ്രാം എംഡിഎംഎയാണ്. 2025 മാര്‍ച്ച് 17 ആകുമ്പോഴേക്കും 133 കിലോഗ്രാം കഞ്ചാവും കൊച്ചിയില്‍ പിടികൂടിയിട്ടുണ്ട്. 2024ല്‍ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും പിടിച്ചെടുത്ത മയക്കുമരുന്നിന്റെയും കണക്കുകള്‍ കൂടി പരിശോധിക്കുമ്പോഴാണ് 2025ന്റെ ആദ്യപാദം പിന്നിടുന്നതിന് മുന്‍പേ കൊച്ചിയില്‍ നടന്ന ലഹരിവേട്ടയുടെ യഥാര്‍ഥ ചിത്രം വ്യക്തമാവുക.

2024ല്‍ നാര്‍കോട്ടിക്സ് വിഭാഗം പിടിച്ചെടുത്തത് 333.51 കിലോഗ്രാം കഞ്ചാവാണ്. എന്നാല്‍, 2025 മാര്‍ച്ച് 17 ആകുമ്പോഴേക്കും 133 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് വേട്ട ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ 2025ല്‍ മൊത്തം പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ അളവ് 2024ല്‍ പിടിച്ചെടുത്തതിന്റെ ഇരട്ടിയാകുമെന്ന് വേണം വിലയിരുത്താന്‍. രജിസ്റ്റര്‍ ചെയ്തത് 2475 കേസുകളാണ്, 2793 പേരെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം മാര്‍ച്ച് പകുതിയാകുമ്പോഴേക്കും അത് യഥാക്രമം 642-ഉം 721-ഉം ആണ്. കൊച്ചിയെ ലഹരി പിടിമുറുക്കുന്നതിന്റെ ഞെട്ടിക്കുന്ന താരതമ്യമാണ് ഈ കണക്കുകള്‍.

You may also like

Leave a Comment